പുകയില വിരുദ്ധ ബോധവല്‍ക്കരണം; ജില്ലാതല ഉദ്ഘാടനം നായന്‍മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്സില്‍ നടന്നു
വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ പോരാടണമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മെയ് 31 മുതല്‍ ജൂണ്‍ 26 വരെ ജില്ലയില്‍ നടക്കുന്ന പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളില്‍ നടക്കുന്ന പുകയില വിരുദ്ധ ബോധവത്ക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും പുകയില വിരുദ്ധ പ്രതിജ്ഞയും വിദ്യാനഗര്‍ നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസ്സില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു. ലഹരി ഉപയോഗത്തിനും പുകയിലയ്ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നിന്ന് പോരാടി മിടുക്കരായി വളരണം.
ചടങ്ങില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട് അധ്യക്ഷനായിരുന്നു. ജില്ലയില്‍ വിവിധ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങളില്‍ പുകയില വിരുദ്ധ പ്രതിജ്ഞ എടുക്കുന്നത്. ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ പൂര്‍ണമായും പുകയില രഹിതമാക്കും. സ്‌കൂളുകളിലെ മുഖ്യ കവാടത്തില്‍ പുകയില രഹിത പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിദ്യാലയ പരിസരത്ത് നൂറ് വാര ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന നിരോധനം നടപ്പിലാക്കുകയും യെല്ലോ ലൈന്‍ വരയ്ക്കുകയും ചെയ്യും.എന്‍എസ്എസ് യൂണിറ്റുകളുടെ സഹായത്തോടെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കോളേജുകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാന്തകുമാരി ടീച്ചര്‍,നായന്മാര്‍മൂല വാര്‍ഡ് മെമ്പര്‍ ഷിഹാബുദ്ദീന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ അജയ് രാജന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍, ചെങ്കള കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ വി ഗോപിനാഥ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ബി സന്തോഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി പി ഹസീബ് നന്ദിയും പറഞ്ഞു.