ജൂണ്‍ 21 – അന്താരാഷ്ട്ര യോഗാദിനം:’ആരോഗ്യ വാര്‍ദ്ധക്യം’ ലക്ഷ്യ സന്ദേശം

ആരോഗ്യത്തിനും, ജീവിത സൗഖ്യത്തിനും വേണ്ടി പൗരാണിക ഭാരതം ലോക ജനതയ്ക്ക് നല്‍കിയ വരദാനമാണ് യോഗ.പതാഞ്ജലി മഹര്‍ഷിയാണ് യോഗയുടെ പ്രധാന ആചാര്യന്‍. മനസ്സിന്റെ ചാഞ്ചല്യങ്ങളെ നിയന്ത്രിക്കലാണ് യോഗ എന്ന് മഹര്‍ഷി വിലയിരുത്തുന്നു. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്. സംസ്‌കൃത പദമായ യുജ് എന്നതില്‍ നിന്നാണ് യോഗ എന്ന വാക്കുണ്ടായത്. വേദങ്ങളിലും, ഉപനിഷത്തുകളിലും,ഭഗവത് ഗീതയിലും യോഗയുടെ പ്രാധാന്യത്തെ കുറിച്ച് പ്രതിപാതിക്കുന്നു. മനസ്സിനെ നിയന്ത്രിക്കാനായാല്‍ രോഗങ്ങളെയും നിയന്ത്രിക്കാം. മെഡിറ്റേഷന്‍ അഥവാ ധ്യാനം യോഗയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. പഞ്ചേന്ത്രിയങ്ങളെ നിയന്ത്രിച്ച് ആന്തരിക – ബാഹ്യ ശുചിത്വത്തിലൂന്നിയ നിത്യ പരിശീലനത്തിലൂടെ ആയുസ്സിന്റെ ദൈര്‍ഘ്യം കൂട്ടുന്ന വ്യായാമമാണ് യോഗാഭ്യാസം.

ഭാരതത്തില്‍ ഉത്ഭവം കൊണ്ട യോഗ ശാരീരികവും, മാനസികവും, ആത്മീയവുമായ തലങ്ങളെ സ്പര്‍ശിച്ച് ശരീരത്തിന്റെയും, മനസ്സിന്റെയും മാറ്റം ലക്ഷ്യമിടുന്നു. രോഗ പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കാന്‍ യോഗ സഹായിക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരത്തിന് വഴക്കം കൂട്ടുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നു. വിഷാദവും ഉത്കണ്ഠയും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ യോഗ ഉത്തമമാണ്. ശ്വസന പ്രക്രിയ മെച്ചപ്പെടുത്തുന്നതോടൊപ്പം ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ഭാരതത്തിന്റെ സംഭാവനയായ യോഗയുടെ പ്രാധാന്യം മനസ്സിലാക്കി വിവിധ രാജ്യങ്ങളില്‍ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു.

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് ഭാഗങ്ങളാണ് യോഗയിലുള്ളത്. സര്‍വ്വരോഗ സംഹാരിയെന്ന വിശേഷണം യോഗയ്ക്ക് സ്വന്തമാണ്. തിരക്കും, മത്സരവും, വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത് മനുഷ്യന്റെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അപാരമാണ്. പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി ആധുനിക ചികിത്സയുടെ ഭാഗമാക്കി യോഗയെ മാറ്റേണ്ടതായിട്ടുണ്ട്.

2014 സെപ്തംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് മുന്നോട്ടു വെച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം. 2014 ഡിസംബര്‍ 11 ന് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. 2015 ജൂണ്‍ 21 ന് ആദ്യ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു തുടങ്ങി. ഐക്യത്തിനും, സമാധാനത്തിനും യോഗ എന്നതായിരുന്നു ആദ്യ യോഗാദിനത്തിന്റെ സന്ദേശം. ഉത്തരാര്‍ദ്ധ ഗോളത്തിലെ ഏറ്റവും നീണ്ട ദിനമായ ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. ഭാരതത്തിനു പുറമെ വിവിധ രാജ്യങ്ങളും യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിച്ചു വരുന്നു. ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനായുള്ള യോഗ (Yoga for healthy ageing) എന്നതാണ് ഈ വര്‍ഷത്തെ യോഗ സന്ദേശം.

മുരളി പള്ളം

Leave a Reply

Your email address will not be published. Required fields are marked *