തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മാത്രം ഉള്‍പ്പെടുത്തി നടത്തിയ പ്രചാരണം വ്യക്തികേന്ദ്രിതമായിരുന്നുവെന്നും, അത് തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്നും കൗണ്‍സില്‍ അംഗങ്ങള്‍ വിലയിരുത്തി. കമ്മ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത ഈ ശൈലി ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും, ‘ഞാനല്ലാതെ മറ്റാര്’ എന്ന മട്ടിലുള്ള പ്രചാരണം ധാര്‍ഷ്ട്യം നിറഞ്ഞതായിരുന്നുവെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതായും, കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പൂര്‍ണ്ണമായും അവഗണിച്ചുവെന്നും കൗണ്‍സിലില്‍ പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന ആവശ്യവും അംഗങ്ങള്‍ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടറി പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും വിനയാകുന്നുണ്ടെന്നും, സെക്രട്ടറി പറയേണ്ട കാര്യങ്ങള്‍ മാത്രം സംസാരിക്കണമെന്നും കാനം രാജേന്ദ്രനെ മാതൃകയാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
ഭരണപരമായ വീഴ്ചകളും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായി കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. പി.എം. ശ്രീ കരാര്‍ ഒപ്പിട്ടത് എല്‍.ഡി.എഫ്.-ബി.ജെ.പി. ഡീല്‍ ആണെന്ന യു.ഡി.എഫ്. പ്രചാരണം ന്യൂനപക്ഷ വോട്ടുകള്‍ അകലാന്‍ കാരണമായി. ഇതിനുപുറമെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ പഴയ പെന്‍ഷന്‍ വാഗ്ദാനം നിറവേറ്റാത്തതും, കര്‍ഷകരെ ദോഷകരമായി ബാധിച്ച നെല്ല് സംഭരണത്തിലെ പ്രതിസന്ധിയും തിരിച്ചടിയായി. പരമ്പരാഗത മേഖലകളെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചതും വോട്ടുകളില്‍ പ്രതിഫലിച്ചുവെന്ന് അംഗങ്ങള്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലെ ഈ തുറന്നടി രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകാന്‍ നേതൃത്വം തയ്യാറാകുമോ അതോ അസ്വാരസ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമോ എന്നത് വരും ദിവസങ്ങളിലെ പാര്‍ട്ടി നടപടികളിലൂടെ വ്യക്തമാകും. വ്യാഴാഴ്ചയും യോഗം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. നേതൃത്വത്തിനെതിരെയുള്ള ഈ പടപ്പുറപ്പാട് മുന്നണിയിലും വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.