പാലക്കുന്ന്: നവീന മാതൃകയില്‍ പുനര്‍ നിര്‍മിച്ച കാപ്പില്‍ സമുദായ ശ്മശാനം തുറന്നു കൊടുത്തു. ചടങ്ങില്‍ ശ്മശാന കമ്മിറ്റി പ്രസിഡന്റ് പ്രഭാകരന്‍ തെക്കേക്കര അധ്യക്ഷനായി. സെക്രട്ടറി പി. പി. ചന്ദ്രശേഖരന്‍, ട്രഷറര്‍ കെ. എം അമ്പാടി, പ്രാദേശിക സമിതി പ്രസിഡന്റുമാരായ പി. വി. അശോക് കുമാര്‍, വിനോദ് കൊപ്പല്‍, കെ. വി. രാഘവന്‍, ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ കെ. വി. അപ്പു, പി. വി. ചിത്രഭാനു, കെ. വി. ഗിരീഷ്ബാബു , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉദയമംഗലം സുകുമാരന്‍, പി. വി. നാരായണന്‍, വി. വി. മുരളി, ഭാസ്‌കരന്‍ ഉദുമ എന്നിവര്‍ പ്രസംഗിച്ചു.
പാലക്കുന്ന് കഴകത്തില്‍ പെടുന്ന ഉദുമ തെക്കേക്കര,
പടിഞ്ഞാര്‍ക്കര, ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതികള്‍ക്കാണ് സംയുക്തമായി ഇതിന്റെ നടത്തിപ്പ് ചുമതല. 2005 മുതല്‍ പാലക്കുന്ന് -കൊപ്പല്‍ റോഡില്‍ കാപ്പിലില്‍ 40 സെന്റ് ഭൂമിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി നാല് ചൂളകള്‍ കിണര്‍, വൈദ്യുതി, ഇന്റര്‍ ലോക്ക് പാകിയ റോഡ് , അതിര്‍ മതിലുകള്‍ ഒരുക്കിയിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടത്തിയത്. കഴകത്തില്‍ 8 പ്രാദേശിക സമിതികള്‍ക്കായി കീഴൂര്‍ മൊട്ടയിലും, രണ്ട് പ്രാദേശിക സമിതികള്‍ക്കായി ചിറമ്മല്‍ മലാംകുന്നിലും, പൂച്ചക്കാട്, ചേറ്റുകുണ്ട് പ്രാദേശിക സമിതികള്‍ക്കും നിലവില്‍ പ്രത്യേകം സമുദായ ശ്മശാനങ്ങള്‍ ഉണ്ട്. വീട്ടില്‍ നിന്ന് ശ്മശാനഭൂമി വരെ ആംബുലന്‍സ് അടക്കം ഒരുക്കങ്ങള്‍ മിക്ക പ്രാദേശികസമിതകള്‍ തന്നെ ചെയ്തു കൊടുക്കുന്നുണ്ട്. സ്വന്തം പറമ്പില്‍ തന്നെ സംസ്‌കാരം നടത്തുന്നിടങ്ങളില്‍ ഈ സേവനങ്ങള്‍ ഉണ്ടാവില്ല.