സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതിയായ പോലീസുകാരന്‍ പിടിയില്‍. സബിത്തിനെയാണ് എറണാകുളത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് പത്താം ദിവസമാണ് ഇയാള്‍ വലയിലാകുന്നത്.
സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഏഴു ചാക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് മോഷണം പോയത്. ജൂണ്‍ 7-ന് ബത്തേരി ദൊട്ടപ്പകുളത്തുനിന്ന് പിടികൂടി, കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണിത്. മുറി വൃത്തിയാക്കാനായി സ്റ്റേഷന്‍ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതല്‍ നഷ്ടപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെടുന്നത്. പൂട്ട് തകര്‍ക്കാതെ, താക്കോല്‍ കൈക്കലാക്കിയായിരുന്നു മോഷണം നടത്തിയത്.