ആലപ്പുഴ: ഫോണ്‍ പോലും ഉപയോഗിക്കാതെ മാസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി ഒടുവില്‍ പിടിയില്‍. ആലപ്പുഴ മുല്ലക്കല്‍ വാര്‍ഡ് തൈയില്‍ വീട്ടില്‍ ഗോപാലകൃഷ്ണ നായിക്കിനെയാണ് (51) സൗത്ത് പോലീസ് ചാലക്കുടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ഊട്ടി, ആന്ധ്രപ്രദേശിലെ തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി, അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിക്കാന്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ചാലക്കുടിയില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൗത്ത് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി വിശാല്‍ ജോണ്‍സന്റെ നിര്‍ദേശപ്രകാരം സൗത്ത് ഇന്‍സ്പെക്ടര്‍ സൈജു, എസ്.ഐ. സുനില്‍ രാജ്, പോലീസ് ഉദ്യോഗസ്ഥരായ വിപിന്‍ദാസ്, ആര്‍. ശ്യാം, ബിനോയ് ജോര്‍ജ്, പ്രീതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.