സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തെ പ്രവചനപ്രകാരം സെപ്റ്റംബര്‍ 20-ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍ ജില്ലകളിലും, സെപ്റ്റംബര്‍ 24-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴയ്ക്കൊപ്പം ചിലേടങ്ങളില്‍ ശക്തമായ ചൂട് തുടരുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്. ഇതിനിടയില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയും, വിനോദയാത്രാ സംഘത്തിലെ യുവതിയെ കാണാതാവുകയും ചെയ്ത സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്.
മഴ മുന്നറിയിപ്പിനൊപ്പം കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളില്‍ 21/09/2026 രാത്രി 08.30 വരെ 0.8 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.