മഴക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം; പലയിടങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും രൂക്ഷം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കല്ലാര്‍കുട്ടി, ഇടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ഡാമുകളില്‍ റെഡ് അലേര്‍ട്ട് തുടരുകയാണ്. മോശം കാലാവസ്ഥയും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാലും കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്താകെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഴക്കെടുതിയില്‍ ഇതുവരെ 11 പേര്‍ മരിച്ചു; 30 വീടുകള്‍ പൂര്‍ണ്ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.

പാലക്കാട് ജില്ലയില്‍ മഴ തുടരുന്നുണ്ടെങ്കിലും ഇതുവരെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ഉയര്‍ന്ന പ്രദേശങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി മേഖലകള്‍ കടുത്ത മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. ഒറ്റപ്പാലം മേഖലയിലുണ്ടായ മഴയെത്തുടര്‍ന്ന് ഭാരതപ്പുഴ കവിഞ്ഞൊഴുകുന്നതിനാല്‍ സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നഗരത്തിലെ ഇലാഹിയ നഗര്‍, കൊച്ചങ്ങാടി എന്നിവിടങ്ങളില്‍ വെള്ളം കയറി. ഇലാഹിയ നഗറിലെ പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. കോഴിക്കോട് വെള്ളിപറമ്പില്‍ ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ വീട് പുലര്‍ച്ചെ ഭാഗികമായി തകര്‍ന്നുവെങ്കിലും ആളപായമില്ല. കുടുംബത്തെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

കോട്ടയം ജില്ലയിലും മഴ കനത്തുനില്‍ക്കുകയാണ്. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഈരാറ്റുപേട്ട-പാലാ റൂട്ടിലും കോട്ടയം-കുമരകം പാതയിലും ഗതാഗതം തടസ്സപ്പെട്ടു. പുതുപ്പള്ളി-മീനടം റൂട്ടിലെ ഞണ്ടുകുളം പാലവും, കൈതേപാലം-വാകത്താനം പന്നിക്കോട്ട് പാലവും വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും നദികളിലെ ജലനിരപ്പ് ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *