മാനന്തവാടി: കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി 22 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. കണ്ണൂര്‍ അലവില്‍ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീര്‍ (54) ആണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവരാന്‍ ശ്രമിച്ച കേസ് പ്രതിയാണ് ഇയാള്‍.
2004 ജനുവരി 9-ന് കട പൂട്ടി 80,000 രൂപയുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ പുതിയകോട്ടയില്‍ വെച്ച് മുനീറും സംഘവും ആക്രമിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുനീര്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. മുംബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ചാത്തോത്ത് മുനീര്‍, ആമിന മന്‍സില്‍, നല്ലൂര്‍നാട് പി ഒ എന്ന വ്യാജ വിലാസത്തിലാണ് ഇയാള്‍ വയനാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്നത്.
പ്രതി വയനാട്ടിലുണ്ടെന്ന കാസര്‍ഗോഡ് എസ്.പിയുടെ രഹസ്യവിവരത്തെ തുടര്‍ന്ന് മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ റഫീക്കിന്റെ നിര്‍ദ്ദേശപ്രകാരം സി.പി.ഒമാരായ ഷിന്റോ, സി.എം. നിസാര്‍ എന്നിവര്‍ പ്രതിയുടെ വീടും പരിസരവും നിരീക്ഷണത്തിലാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് എ.എസ്.ഐ ശ്രീജിത്ത് കാവുങ്കല്‍, സീനിയര്‍ സി.പി.ഒ കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.