കണ്ണൂര്‍: ശസ്ത്രക്രിയയും കീമോതെറാപ്പിയും ഒരേ ദിവസം പൂര്‍ത്തിയാക്കി, ജീവന് ഭീഷണിയായ അപൂര്‍വ അര്‍ബുദത്തെ അതിജീവിച്ച് 51 വയസ്സുകാരിയായ കണ്ണൂര്‍ സ്വദേശിനി പുതുജീവിതത്തിലേക്ക്. ഹൈപെക് (ഹൈപ്പര്‍തെര്‍മിക് ഇന്‍ട്രാപെരിട്ടോണിയല്‍ കീമോതെറാപ്പി) എന്ന അത്യാധുനിക ചികിത്സാരീതിയിലൂടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ മെഡിക്കല്‍ സംഘമാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. ശസ്ത്രക്രിയയ്ക്കു പിന്നാലെ ഉടന്‍ നല്‍കുന്ന പ്രത്യേക കീമോതെറാപ്പിയിലൂടെ ഒറ്റ ദിവസം കൊണ്ട് ചികിത്സ പൂര്‍ത്തിയാക്കാനായതാണ് ഈ കേസിനെ വേറിട്ടതാക്കുന്നത്. ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലും സര്‍ജിക്കല്‍ സംഘത്തിന്റെ വൈദഗ്ധ്യവുമാണ് രോഗിയെ അതിവേഗം പൂര്‍ണ്ണാരോഗ്യത്തിലേക്ക് നയിച്ചത്.
ഉദരസംബന്ധമായ അസ്വസ്ഥതകളുമായി ആശുപത്രിയിലെത്തിയ രോഗിയിലാണ്, ഉദരത്തിലെ ആന്തരിക പാളികളെ ബാധിക്കുന്ന അപൂര്‍വ അര്‍ബുദമായ സ്യൂഡോമിക്‌സോമ പെരിറ്റോണി കണ്ടെത്തിയത്. അപ്പന്‍ഡിക്‌സിലോ മറ്റ് ആന്തരികാവയവങ്ങളിലോ രൂപപ്പെടുന്ന ട്യൂമര്‍ പൊട്ടിത്തകരുമ്പോള്‍ അതിനുള്ളിലെ ദ്രാവകം ഉദരത്തിലെ മറ്റ് അവയവങ്ങളിലേക്ക് അതിവേഗം പടരുകയും പുതിയ ട്യൂമര്‍ കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്ന മാരകമായ അവസ്ഥയിലേക്കാണ് ഇത് നീങ്ങുക. പ്രാരംഭ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാത്തതാണ് ഈ രോഗത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.
ജീവന്‍ രക്ഷിച്ച നൂതന ചികിത്സ
സാധാരണ കാന്‍സര്‍ ചികിത്സാരീതികള്‍ ഫലപ്രദമല്ലാത്ത ഈ അവസ്ഥയില്‍, ഹൈപെക് ശസ്ത്രക്രിയയാണ് മെഡിക്കല്‍ സംഘം സ്വീകരിച്ചത്. അര്‍ബുദബാധിത കോശങ്ങളെ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായി നീക്കം ചെയ്ത ശേഷം, പ്രത്യേക താപനിലയിലാക്കിയ കീമോതെറാപ്പി മരുന്നുകള്‍ ഉദരത്തിനുള്ളില്‍ നേരിട്ട് കടത്തിവിടുന്നതാണ് ഈ ചികിത്സാരീതി. ഒരു ദിവസം കൊണ്ടു തന്നെ അനുബന്ധ ചികിത്സകള്‍ പൂര്‍ത്തിയാക്കി, തുടര്‍ചികിത്സകളൊന്നും ആവശ്യമില്ലാതെ വരുന്നു എന്നതാണ് ഈ നൂതന രീതിയുടെ ഏറ്റവും വലിയ സവിശേഷത.
ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ഫഹീം അബ്ദുള്ളയുടെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ നീണ്ട അതിസങ്കീര്‍ണ്ണ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. അബ്ദുള്ള കെ.പി, ഗ്യാസ്ട്രോ സര്‍ജന്‍ ഡോ. അമിത് ബി.എല്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. മനു പ്രസാദ്, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്ത്, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡോ. റിനോയ് എന്നിവരും ശസ്ത്രക്രിയാ സംഘത്തില്‍ പങ്കാളികളായി.
ഓങ്കോളജി സംഘത്തിന്റെ കൃത്യമായ ഏകോപനവും വൈദഗ്ധ്യവുമാണെന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. അനൂപ് നമ്പ്യാര്‍ പറഞ്ഞു.