2006 ജൂണ്‍ 16-ന് സെര്‍ബിയക്കെതിരെ തന്റെ 18-ാം വയസ്സില്‍ ഫിഫ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച മെസ്സി, കൃത്യം 20 വര്‍ഷങ്ങള്‍ക്കിപ്പുറം വടക്കേ അമേരിക്കയില്‍ നടക്കുന്ന 2026 ലോകകപ്പില്‍ തന്റെ ആറാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് ജെ-യില്‍ അള്‍ജീരിയയ്ക്കെതിരായ ഉദ്ഘാടന മത്സരത്തോടെ മെസ്സിയുടെ ഈ ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഇരുപത് വര്‍ഷം നീണ്ട കരിയറില്‍ ഫുട്‌ബോള്‍ ലോകം കണ്ട ഏറ്റവും വലിയ ഉയര്‍ച്ചതാഴ്ചകളിലൂടെയാണ് മെസ്സി കടന്നുപോയത്. 48 ട്രോഫികളും എട്ട് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന ഖ്യാതി അദ്ദേഹത്തിനുണ്ട്. അഞ്ച് ബാലണ്‍ ഡി ഓര്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇത്തവണ കളത്തിലുണ്ടെന്നത് ആരാധകര്‍ക്ക് ഇരട്ടി ആവേശമാണ് നല്‍കുന്നത്. 2014-ലെ ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റ് കപ്പിനടുത്തെത്തി മടങ്ങിയത് മെസ്സിയുടെ കരിയറിലെ വലിയൊരു വേദനയായിരുന്നു. 2016-ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തിരിച്ചുവന്ന്, ഖത്തറില്‍ വെച്ച് ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (42) തോല്‍പ്പിച്ച് ലോകകിരീടം ചൂടിയത് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായി.
ആദ്യ ലോകകപ്പിലെ അരങ്ങേറ്റത്തിന് ശേഷം 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, 38 വയസ്സുകാരനായ മെസ്സിയുടെ ആവേശം ഒട്ടും കുറഞ്ഞിട്ടില്ല. 2006-ല്‍ ലോകത്തിന് മുന്നില്‍ അദ്ഭുതക്കുട്ടിയായി എത്തിയ മെസ്സി, ഇന്ന് ലോകകിരീടം നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഇതിഹാസമായി മാറിക്കഴിഞ്ഞു. തന്റെ അവസാന ലോകകപ്പ് ടൂര്‍ണമെന്റിലും കരുത്തുറ്റ പ്രകടനത്തോടെ കപ്പില്‍ മുത്തമിടാന്‍ തന്നെയാണ് അര്‍ജന്റീനന്‍ നായകന്‍ ലക്ഷ്യമിടുന്നത്.