വി.ഡി. സതീശന്‍ കേരളം കണ്ട ഏറ്റവും വലിയ അവസരവാദി ആരോപണങ്ങളുമായി എ.എ. റഹീം

കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി. അധികാരത്തിലെത്താന്‍ വേണ്ടി മാത്രം ജനങ്ങളോട് പച്ചക്കള്ളം പറഞ്ഞ അവസരവാദ രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ തൃശ്ശൂര്‍ ജില്ലാ സമ്മേളനം എരുമപ്പെട്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിലെത്തിയാല്‍ കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചവര്‍, ഇപ്പോള്‍ അത് പ്രായോഗികമല്ലെന്ന് പറഞ്ഞ് യു-ടേണ്‍ എടുത്തിരിക്കുകയാണെന്ന് റഹീം ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് പൂര്‍ണ്ണ സൗജന്യയാത്ര നല്‍കുമെന്ന് പറഞ്ഞിട്ട് ഇപ്പോഴത് ഓര്‍ഡിനറി ബസുകളില്‍ മാത്രമാക്കി ഒതുക്കി. സംസ്ഥാനത്ത് സ്ഥിരം നിയമനങ്ങള്‍ ഇല്ലാതാകുന്നു. ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാന്‍ ആവശ്യപ്പെടുന്നത് തീവ്ര വലതുപക്ഷ രാഷ്ട്രീയമാണ്. 1991-ല്‍ കോണ്‍ഗ്രസ് തുടക്കമിട്ടതും ഇപ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി തുടരുന്നതുമായ അതേ സാമ്പത്തിക നയങ്ങള്‍ തന്നെയാണ് കേരളത്തില്‍ വി.ഡി. സതീശനും നടപ്പിലാക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പരീക്ഷാ ക്രമക്കേടുകള്‍ മറയ്ക്കാന്‍ ടെലഗ്രാം ആപ്പ് നിരോധിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തതെന്ന് റഹീം വിമര്‍ശിച്ചു.

ഇന്ത്യയിപ്പോള്‍ നിരോധനങ്ങളുടെ റിപ്പബ്ലിക്കായി മാറിയിരിക്കുകയാണ്. ധവളപത്രത്തിലൂന്നിയാണ് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍, തെരുവിലിറങ്ങിയുള്ള പോരാട്ടങ്ങള്‍ക്ക് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച രാവിലെ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ജില്ലാ പ്രസിഡന്റ് ആര്‍.എല്‍. ശ്രീലാല്‍ പതാകയുയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ബാബു, കേന്ദ്രക്കമ്മിറ്റിയംഗം ഗ്രീഷ്മാ അജയഘോഷ്, എം.എല്‍.എമാരായ എം. വിജില്‍, എ.സി. മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 18 ബ്ലോക്കുകളില്‍ നിന്നായി 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ചര്‍ച്ചകളും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *