മനാമ: വരാനിരിക്കുന്ന വേനല്‍ക്കാല ടൂറിസം സീസണെയും അനുബന്ധ പരിപാടികളെയും വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി ബഹ്‌റൈന്‍. രാജ്യത്തെ ടൂറിസം മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഹോസ്പിറ്റാലിറ്റി രംഗത്തെ പങ്കാളിത്തം ശക്തമാക്കുന്നതിനുമായി ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി ഹോട്ടല്‍ മേഖലയിലെ പ്രമുഖ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി സിഇഒ സാറാ അഹമ്മദ് ബുഹെജ്ജിയും യോഗത്തില്‍ പങ്കെടുത്തു.
ബഹ്‌റൈനിലെ ഹോട്ടലുകളും റിസോര്‍ട്ടുകളും നല്‍കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളും വൈവിധ്യമാര്‍ന്ന താമസസൗകര്യങ്ങളും രാജ്യത്തിന്റെ ടൂറിസം ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വ്യത്യസ്ത താല്പര്യങ്ങളുള്ള സഞ്ചാരികളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി വിനോദസൗകര്യങ്ങള്‍ ഒരുക്കാന്‍ ബഹ്‌റൈന് സാധിക്കുന്നുണ്ട്. ടൂറിസം രംഗത്തെ ഈ വൈവിധ്യം രാജ്യത്തിന്റെ ആഗോള വിനോദസഞ്ചാര മത്സരശേഷിക്ക് കരുത്തുപകരുന്നതാണെന്നും മന്ത്രി അല്‍ സൈറാഫി കൂട്ടിച്ചേര്‍ത്തു.
ദേശീയ ടൂറിസം തന്ത്രം 2022-2026 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ടൂറിസം വളര്‍ച്ച വേഗത്തിലാക്കുന്നതിനും ഹോട്ടല്‍ മേഖലയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഒഴിച്ചുകൂടാനാവാത്തതാണ്. സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സുഗമവും ആനന്ദദായകവുമായ യാത്രാനുഭവങ്ങള്‍ സമ്മാനിക്കുന്നതിന് ടൂറിസം രംഗത്തെ എല്ലാ പങ്കാളികളും തമ്മില്‍ ശക്തമായ ഏകോപനവും സംയോജനവും ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെയും സന്ദര്‍ശകരെയും ലക്ഷ്യമിട്ട് പ്രത്യേകം തയ്യാറാക്കിയ ‘വലഹ്ന അലൈക്കും’ ഉള്‍പ്പെടെയുള്ള സമ്മര്‍ പ്രൊമോഷന്‍ കാമ്പെയ്‌നുകളും പുതിയ ടൂറിസം പദ്ധതികളും യോഗത്തില്‍ അവലോകനം ചെയ്തു. ഷോപ്പിംഗ് മാളുകള്‍, ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍, ടൂറിസം സ്ഥാപനങ്ങള്‍ എന്നിവയുമായി കൈകോര്‍ത്ത് ആകര്‍ഷകമായ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. താമസസൗകര്യം, വിനോദ പരിപാടികള്‍, ഷോപ്പിംഗ് എന്നിവ ഒരുമിച്ച് ചേര്‍ത്തുള്ള ഈ സംയോജിത ഓഫറുകള്‍ വഴി വേനല്‍ക്കാലത്ത് കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും പ്രാദേശിക, അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ ബഹ്‌റൈന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തല്‍.