കോഴിക്കോട് തൂണേരിക്ക് സമീപം മുള്ളന്‍പന്നി റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. നരിപ്പറ്റ സ്വദേശി രജിലേഷ് (38) ആണ് അപകടത്തില്‍ മരിച്ചത്. കുടുംബത്തോടൊപ്പം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഭാര്യ സൗമ്യയും രണ്ട് മക്കളുമായി ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രജിലേഷ്. ബാലവാടി സ്റ്റോപ്പിന് സമീപം വെച്ച് പെട്ടെന്ന് റോഡ് മുറിച്ചുകടന്ന മുള്ളന്‍പന്നിയുടെ ദേഹത്ത് ഇടിക്കാതിരിക്കാന്‍ വാഹനം പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായി ഓട്ടോ മറിഞ്ഞത്. വണ്ടി മറിഞ്ഞ് റോഡിലേക്ക് തലയിടിച്ചു വീണ രജിലേഷിനെ ഉടന്‍ തന്നെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാലിന് പരിക്കേറ്റ ഭാര്യ സൗമ്യ നിലവില്‍ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന മക്കള്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു