യുഎഇ ആണവ നിയന്ത്രണ അതോറിറ്റി തലപ്പത്തേക്ക് ഹമദ് അല്‍ കഅബി നിര്‍ണായക ഉത്തരവുമായി യുഎഇ പ്രസിഡന്റ്

അബുദാബി: യുഎഇയുടെ ആണവ സുരക്ഷാ രംഗത്ത് നിര്‍ണായകമായ ഭരണപരമായ മാറ്റം. രാജ്യത്തെ ആണവ സുരക്ഷാ കാര്യങ്ങള്‍ നിയന്ത്രിക്കുന്ന സ്വതന്ത്ര സ്ഥാപനമായ ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്റെ’ പുതിയ ഡയറക്ടര്‍ ജനറലായി ഹമദ് അലി മുഹമ്മദ് അല്‍ കഅബിയെ നിയമിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ച ഔദ്യോഗിക ഫെഡറല്‍ ഉത്തരവിലാണ് മന്ത്രാലയ അണ്ടര്‍സെക്രട്ടറി പദവിയോടെയുള്ള ഈ സുപ്രധാന നിയമനം പ്രഖ്യാപിച്ചത്.

ദീര്‍ഘകാലമായി യുഎഇയുടെ ആണവ നയതന്ത്ര മേഖലയില്‍ സജീവ സാന്നിധ്യമായ ഹമദ് അല്‍ കഅബി, ഈ പദവിയില്‍ ഒട്ടേറെ വര്‍ഷങ്ങളായി സേവനമനുഷ്ഠിച്ച പ്രശസ്ത ആണവ ശാസ്ത്രജ്ഞന്‍ ക്രിസ്റ്റര്‍ വിക്ടേഴ്‌സന് പകരക്കാരനായാണ് പുതിയ ചുമതലയേല്‍ക്കുന്നത്. 2009-ല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ രൂപീകരിച്ചതു മുതല്‍ ഇതിന്റെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ഡെപ്യൂട്ടി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. യുഎഇയുടെ സമാധാനപരമായ ആണവോര്‍ജ്ജ പദ്ധതികളുടെ ഓരോ നാഴികക്കല്ലുകള്‍ക്ക് പിന്നിലും ഇദ്ദേഹത്തിന്റെ നിര്‍ണായകമായ പങ്കാളിത്തമുണ്ട്.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയില്‍ 2008 മുതല്‍ യുഎഇയുടെ സ്ഥിരം പ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന ഹമദ് അല്‍ കഅബി, ആണവ സുരക്ഷ, ആണവായുധ വ്യാപന നിരോധനം എന്നിവയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ യുഎഇയുടെ മുഖമായി മാറിയ നയതന്ത്രജ്ഞനാണ്. ഓസ്ട്രിയ, സ്ലൊവാക്യ, സ്ലോവേനിയ എന്നീ രാജ്യങ്ങളിലെ യുഎഇ അംബാസഡറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ പ്രശസ്തമായ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ന്യൂക്ലിയര്‍ എഞ്ചിനീയറിംഗില്‍ ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് ബിരുദങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹം, രാജ്യത്തിന് നല്‍കിയ മികച്ച നയതന്ത്ര സംഭാവനകള്‍ പരിഗണിച്ച് യുഎഇയുടെ പരമോന്നത ബഹുമതികളിലൊന്നായ ‘ഓര്‍ഡര്‍ ഓഫ് സായിദ് സെക്കന്‍ഡ് ക്ലാസ്’ നേടിയിട്ടുണ്ട്.

യുഎഇയിലെ ആണവനിലയങ്ങളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും രാജ്യത്തെ ചികില്‍സ, ഗവേഷണം, വ്യവസായം എന്നിവയ്ക്കായി ഉപയോഗിക്കുന്ന റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതും എഫ്എഎന്‍ആര്‍ ആണ്. ആഗോളതലത്തില്‍ തന്നെ മാതൃകയായ യുഎഇയുടെ ആണവ പദ്ധതികള്‍ക്ക് പുതിയ ഡയറക്ടര്‍ ജനറലിന്റെ കീഴില്‍ കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *