വിദ്യാഭ്യാസ പദ്ധതിയെ തകര്‍ക്കാന്‍ ശ്രമം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വി. ശിവന്‍കുട്ടി

കേരളത്തിലെ വിദ്യാഭ്യാസ പദ്ധതി കാലഹരണപ്പെട്ടതാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കിയ കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെ മുഖ്യമന്ത്രി അപമാനിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ശിവന്‍കുട്ടി പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് പാഠ്യപദ്ധതി കാലഹരണപ്പെട്ടതെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതി പൂര്‍ണ്ണമായും പരിഷ്‌കരിച്ചു. അടുത്ത വര്‍ഷം പ്ലസ് ടു തലത്തിലും മാറ്റങ്ങള്‍ വരാനിരിക്കെയാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത്. പാഠ്യപദ്ധതി പരിഷ്‌കരണ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ല. ഒരു പരാതിയും ഉയരാത്ത പരിഷ്‌കരണമായിരുന്നു അത്. കേരളത്തില്‍ ബോധപൂര്‍വ്വം ദേശീയ വിദ്യാഭ്യാസം നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ വിദഗ്ധരുടെയും വിദ്യാര്‍ത്ഥികളുടെയും അഭിപ്രായം തേടിയാണ് മാറ്റങ്ങള്‍ കൊണ്ടുവന്നതെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *