സൗജന്യ ബസ് യാത്ര, ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്, ഇന്ദിരാ ഗ്യാരണ്ടികളുമായി കേരളത്തില്‍ അധികാരമേറ്റ വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം

പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിയമസഭയില്‍ നടത്തി. ‘ഇന്ദിരാ ഗ്യാരണ്ടികള്‍’ എന്ന പേരില്‍ കോണ്‍ഗ്രസ് മുന്നോട്ട് വെച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നതാണ് ഈ നയപ്രഖ്യാപനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ‘ക്ലീന്‍ ഗവേണന്‍സ്’ എന്നതാണ് പുതിയ സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചു.

മാനുഷികതയില്‍ ഊന്നിയ സുതാര്യമായ ഭരണമായിരിക്കും ലക്ഷ്യം. സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കും. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും. വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേകം വകുപ്പ് രൂപീകരിച്ചു. ലഹരി മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും. എക്‌സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് സമഗ്ര പദ്ധതി. ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും. ഓണ്‍ലൈന്‍ ലഹരി ശൃംഖലകള്‍ തകര്‍ക്കുമെന്നും പ്രഖ്യാപനമുണ്ട്.

വനിതാ കര്‍ഷകര്‍ക്കായി പ്രത്യേക കണ്‍സോര്‍ഷ്യം രൂപീകരിക്കും. മണ്ണ് പരിശോധന രജിസ്റ്റര്‍ തയ്യാറാക്കും. സ്‌പൈസ് പാര്‍ക്കുകള്‍ വഴി സുഗന്ധദ്രവ്യ കയറ്റുമതി വര്‍ദ്ധിപ്പിക്കും. ഐ.ടി മിഷനെ ‘ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മിഷന്‍’ ആക്കി മാറ്റും. ഐ.ടി വകുപ്പിന്റെ പുതിയ പേര് ‘ഐ.ടി ഫ്യൂച്ചര്‍ ടെക്‌നോളജി’ എന്നായിരിക്കും. വ്യവസായങ്ങള്‍ക്കായി ‘ലാന്‍ഡ് ബാങ്ക്’ രൂപീകരിക്കും. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കും. വിജിലന്‍സ് സംവിധാനം ശക്തമാക്കും. ഉടന്‍ തന്നെ തിരഞ്ഞെടുപ്പുകള്‍ നടത്തും. പോലീസ് സംവിധാനം ആധുനികവല്‍ക്കരിക്കും. ജനങ്ങളുടെ സംരക്ഷകരായി പോലീസ് മാറുമെന്ന് ഉറപ്പാക്കും. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ നടപടി എന്നിവയാണ് പ്രധാനപ്രഖ്യാപനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *