ഫൈനല്‍ ബര്‍ത്ത് ആര്‍ക്ക് രാജസ്ഥാന്റെ വൈഭവ് ഗുജറാത്തിന്റെ സ്ഥിരതയെ തകര്‍ക്കുമോ

ഐപിഎല്‍ ക്വാളിഫയര്‍ 2-ല്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം നടക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയിലാണ്. എലിമിനേറ്ററില്‍ ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് രാജസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോട് തോറ്റതിന്റെ ക്ഷീണം തീര്‍ത്ത് ഫൈനലില്‍ കടക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സും കച്ചകെട്ടി ഇറങ്ങുമ്പോള്‍ മത്സരം കടുപ്പമാകും. രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ കരുത്ത് യുവതാരം വൈഭവ് സൂര്യവന്‍ഷിയാണ്. ‘ബേബി യൂണിവേഴ്‌സല്‍ ബോസ്’ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന താരം എലിമിനേറ്ററില്‍ വെറും 29 പന്തിലാണ് ഹൈദരാബാദിന്റെ കിരീടമോഹങ്ങള്‍ തകര്‍ത്തു കളഞ്ഞത്. വൈഭവിനെ തുടക്കത്തിലേ പുറത്താക്കുക എന്നതാകും ഗുജറാത്തിന്റെ പ്രധാന ദൗത്യം. ഇതിനായി കഗിസോ റബാഡയെയും മുഹമ്മദ് സിറാജിനെയും ഗുജറാത്ത് ആശ്രയിക്കുമ്പോള്‍, പ്രസിദ് കൃഷ്ണയും ജേസണ്‍ ഹോള്‍ഡറും മികച്ച പിന്തുണ നല്‍കുമെന്ന് ഉറപ്പാണ്.

അതേസമയം, മുന്‍നിര തകര്‍ന്നാല്‍ മധ്യനിര പിടിച്ചുനില്‍ക്കുമോ എന്ന ആശങ്ക രാജസ്ഥാന്‍ ആരാധകര്‍ക്കിടയിലുണ്ട്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഉള്‍പ്പെടെയുള്ളവര്‍ മികച്ച ഫോമിലല്ല എന്നതും ടീമിന് തിരിച്ചടിയാണ്. മറുവശത്ത് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും നല്‍കുന്ന മികച്ച തുടക്കമാണ് ഗുജറാത്തിന്റെ കരുത്ത്. ജോഫ്ര ആര്‍ച്ചറുടെ ഓപ്പണിങ് സ്‌പെല്ലിനെ അതിജീവിച്ച് സ്‌കോര്‍ ഉയര്‍ത്തുകയാകും ഇവരുടെ പ്രധാന വെല്ലുവിളി. ഈ സീസണില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് ഗുജറാത്ത്.

തുടര്‍ച്ചയായ രണ്ട് നിര്‍ണായക മത്സരങ്ങള്‍ക്ക് ശേഷമെത്തുന്ന രാജസ്ഥാന് സമ്മര്‍ദ്ദമുണ്ടാകാം. എന്നാല്‍, ആദ്യ ക്വാളിഫയറിന് ശേഷം ലഭിച്ച വിശ്രമം ഗുജറാത്തിന് ആശ്വാസമാകും. പവര്‍പ്ലേയില്‍ കളി പിടിക്കാന്‍ മിടുക്കുള്ള ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാണ്

Leave a Reply

Your email address will not be published. Required fields are marked *