സൂപ്പര്‍കാര്‍ ലോകത്ത് ഇലക്ട്രിക് വിപ്ലവം വലിയ ചര്‍ച്ചയാകുമ്പോള്‍, സ്വന്തം ഇലക്ട്രിക് വാഹന പദ്ധതിയായ ‘ലാന്‍സാഡോര്‍’ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ലംബോര്‍ഗിനി സിഇഒ സ്റ്റെഫാന്‍ വിങ്കിള്‍മാന്‍ രംഗത്ത്. പൂര്‍ണ്ണമായും ഇലക്ട്രിക്കായ വാഹനങ്ങളെക്കാള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ലംബോര്‍ഗിനിയുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താല്‍പ്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനങ്ങളുടെ മെക്കാനിക്കല്‍ ഫീലും എഞ്ചിന്‍ നല്‍കുന്ന വൈകാരികമായ അനുഭൂതിയും നഷ്ടപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, വിപണിയിലെ ഉപഭോക്തൃ പ്രവണതകള്‍ നിരീക്ഷിച്ചാണ് ഇത്തരമൊരു മാറ്റം വരുത്തിയതെന്നും വിങ്കിള്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഫെറാറി പുറത്തിറക്കിയ തങ്ങളുടെ ആദ്യത്തെ പൂര്‍ണ്ണ ഇലക്ട്രിക് വാഹനമായ ‘ലൂസ്’ വലിയ പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഫെറാറിയുടെ പരമ്പരാഗത ഡിസൈന്‍ ശൈലിയില്‍ നിന്ന് പൂര്‍ണ്ണമായും വ്യത്യസ്തമായ ലൂസിന്റെ രൂപകല്പന ആരാധകര്‍ക്കും വാഹന വിദഗ്ധര്‍ക്കും ഒട്ടും ദഹിച്ചിട്ടില്ല. ഒരു സൂപ്പര്‍കാറിന്റെ പ്രൗഢി ലൂസിന് ഇല്ലെന്നും, അതൊരു സാധാരണ ഗൃഹോപകരണം പോലെ തോന്നിക്കുന്നുവെന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഫെറാറിയുടെ ഐക്കണിക് ആയ വോയിസ്-എഞ്ചിന്‍ അനുഭവങ്ങളും ഡിസൈന്‍ മികവും നഷ്ടപ്പെട്ടതിലുള്ള അതൃപ്തിയാണ് ആരാധകര്‍ പ്രകടിപ്പിക്കുന്നത്.
ഈ വിമര്‍ശനങ്ങളുടെ പ്രതിഫലനം ഫെറാറിയുടെ ഓഹരി വിപണിയിലും പ്രകടമായിട്ടുണ്ട്. ‘ലൂസ്’ അനാവരണം ചെയ്തതിന് പിന്നാലെ കമ്പനിയുടെ ഓഹരികളില്‍ 8 ശതമാനത്തോളം ഇടിവുണ്ടാവുകയും, ഒറ്റരാത്രികൊണ്ട് ഏകദേശം 5.38 ബില്യണ്‍ യുഎസ് ഡോളറിന്റെ വിപണി മൂല്യം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും, ഇലക്ട്രിക് വാഹനങ്ങളോടുള്ള മനോഭാവത്തില്‍ ലംബോര്‍ഗിനിയും ഫെറാറിയും വ്യത്യസ്തമായ തന്ത്രങ്ങളാണ് സ്വീകരിക്കുന്നത്. എതിരാളികളുടെ തന്ത്രങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ വിങ്കിള്‍മാന്‍ തയ്യാറായില്ലെങ്കിലും, ലംബോര്‍ഗിനിയുടെ നിലപാട് തെറ്റായിരുന്നില്ലെന്ന് ഇപ്പോഴത്തെ വിപണി സാഹചര്യങ്ങള്‍ അടിവരയിടുന്നു.