തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ തുടങ്ങി പ്രേമലുവിലൂടെ മലയാള സിനിമയുടെ യുവതാരനിരയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് നസ്ലെന്‍. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ആണ് നസ്ലെന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിന് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ നല്‍കുന്നത്.
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘മട്ടാഞ്ചേരി മാഫിയ’ എന്ന മമ്മൂട്ടി ചിത്രമാണ് നസ്ലെന്റെ വരാനിരിക്കുന്ന വലിയ പ്രോജക്റ്റുകളില്‍ ഒന്ന്. ഇതിനിടയിലാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ നേരത്തെ ലഭിച്ച രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ച് താരം മനസ്സ് തുറന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തില്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നുവെന്ന് നസ്ലെന്‍ വെളിപ്പെടുത്തി. ”ഇതിനുമുമ്പ് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച രണ്ട് പ്രൊജക്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. ‘മകള്‍’ എന്ന ചിത്രത്തില്‍ ആദ്യം മമ്മൂക്കയായിരുന്നു നായകനാകേണ്ടിയിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങളും മറ്റ് തിരക്കുകളും കാരണം അത് മാറിപ്പോയി. ഒടുവില്‍ ജയറാം സാറാണ് ആ വേഷം ചെയ്തത്. എനിക്ക് തോന്നുന്നത് ഇതായിരിക്കും ചിലപ്പോള്‍ അതിന് പറ്റിയ കറക്ട് ടൈം” നസ്ലെന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഖാലിദ് റഹ്‌മാന്‍-മമ്മൂട്ടി ചിത്രം, ജിത്തു മാധവന്‍-സൂര്യ ചിത്രം, തരുണ്‍ മൂര്‍ത്തി-ഫഹദ് ഫാസില്‍ ചിത്രം, രോഹിത് വി.എസ് ഒരുക്കുന്ന ആസിഫ് അലി ചിത്രം ‘ടിക്കി ടാക്ക’ തുടങ്ങി നിരവധി വലിയ പ്രോജക്റ്റുകളാണ് നസ്ലെന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.