ചവറയിലെ വീഴ്ച മന്ത്രിമാര്‍ വെറുപ്പിച്ചു സിപിഎം ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം

തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സിപിഎം ചവറ ഏരിയ കമ്മിറ്റി യോഗത്തില്‍ നേതൃത്വത്തിന് വിമര്‍ശനം. സര്‍ക്കാരിലെ പ്രമുഖ മന്ത്രിമാരും ജില്ലാ നേതാക്കളുമാണ് പരാജയത്തിന് ഉത്തരവാദികളെന്ന് കമ്മിറ്റി അംഗങ്ങള്‍ തുറന്നടിച്ചു. കെ.എം.എം.എല്‍. കമ്പനിയിലെ ഡി.സി.ഡബ്ല്യു. തൊഴിലാളികളെ മന്ത്രി പരസ്യമായി പരിഹസിച്ചത് വോട്ട് ചോര്‍ച്ചയ്ക്ക് പ്രധാന കാരണമായി. തൊഴിലാളികളുടെ ആവശ്യങ്ങളോട് ‘ഇരുന്നിട്ട് മതി കാലുനീട്ടാന്‍’ എന്ന മന്ത്രിയുടെ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി തൊഴിലാളി വര്‍ഗത്തിനിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കി.

പന്മന ചിറ്റൂര്‍ ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ മുന്‍ ധനമന്ത്രി സ്വീകരിച്ച ജനവിരുദ്ധ നിലപാട് തീരദേശ മേഖലയില്‍ തിരിച്ചടിയായി. സുജിത് വിജയന്‍പിള്ള പരാജയപ്പെട്ടാല്‍ അടുത്ത തവണ ആ സീറ്റ് തങ്ങള്‍ക്ക് ലഭിക്കുമെന്ന് മോഹിച്ച ചില പ്രാദേശിക നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മനഃപൂര്‍വ്വം വിട്ടുനിന്നതായി ആരോപണമുയര്‍ന്നു. മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന ജില്ലാ സെക്രട്ടറിയും സെക്രട്ടേറിയറ്റ് അംഗവും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമായിരുന്നു.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും മറ്റു മന്ത്രിമാരുടെയും പെരുമാറ്റശൈലി ജനങ്ങളെ അകറ്റി. കൂടാതെ പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന അനാവശ്യ പിരിവുകള്‍ ജനങ്ങളില്‍ അതൃപ്തിയുണ്ടാക്കുന്നതായും യോഗം വിലയിരുത്തി. ആരോഗ്യമന്ത്രിക്കെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വരുംദിവസങ്ങളില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പോടെയാണ് യോഗം പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *