കാസര്‍ഗോഡ് മഞ്ചേശ്വരം ബായാറില്‍ പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ ഡ്രൈവറെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. പൈവളിഗെ ആവള സ്വദേശിയായ ഇബ്രാഹിം ഖലീല്‍ എന്ന ഡ്രൈവറുടെ പരാതിയിലാണ് പുനീത്, കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം നടന്നത്. മഞ്ചേശ്വരത്തേക്ക് നാല് കാളകളുമായി പിക്കപ്പ് വാനില്‍ വരികയായിരുന്ന ഖലീലിനെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം പിന്തുടരുകയും ബായാറില്‍ വെച്ച് വണ്ടി തടഞ്ഞുനിര്‍ത്തുകയുമായിരുന്നു.
ബൈക്കിലെത്തിയ സംഘം പിക്കപ്പ് വാന്‍ തടഞ്ഞ ശേഷം ഡ്രൈവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തുകയും വടികള്‍ വീശി കൊലവിളി നടത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങളില്‍ ഇത്തരം അതിക്രമങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതലെടുത്ത് കേരളത്തിലും സ്വാധീനമുറപ്പിക്കാന്‍ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ആസൂത്രിത ആക്രമണങ്ങളെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ബാക്കി പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.