വയനാട്ടില്‍ പോസ്റ്റര്‍ യുദ്ധം രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ രൂക്ഷവിമര്‍ശനം പോലീസ് കേസെടുത്തു

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പരസ്യമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെ കാണുന്നു. പോസ്റ്ററുകള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ ടി. സിദ്ദിഖ് എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിക്കുന്ന ഭാഷയാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ ഹൈക്കമാന്‍ഡ് പിന്തുണയ്ക്കുന്നതിനെതിരെയാണ് പ്രധാന പ്രതിഷേധം. കെ.സി. വേണുഗോപാല്‍ രാഹുല്‍ ഗാന്ധിയുടെ വെറുമൊരു ‘പെട്ടിയെടുപ്പുകാരന്‍’ മാത്രമാണെന്ന് പോസ്റ്ററുകളില്‍ ആക്ഷേപിക്കുന്നു. രാഹുലിന്റെയും പ്രിയങ്കയുടെയും ‘വിഡ്ഢിത്തരങ്ങള്‍ക്ക്’ കേരളം മാപ്പ് നല്‍കില്ലെന്നും, വയനാട് ഇനി ഗാന്ധി കുടുംബത്തെ തുണയ്ക്കില്ലെന്നും പോസ്റ്ററുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘വയനാടിനെ മറന്നേക്കൂ’ എന്ന വാചകവും പോസ്റ്ററുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
നിലവില്‍ പാര്‍ട്ടിയിലെ കെ.സി. വേണുഗോപാല്‍ അനുകൂലികളും വി.ഡി. സതീശന്‍ പക്ഷവും പോസ്റ്ററുകള്‍ക്ക് പിന്നില്‍ എതിര്‍ വിഭാഗമാണെന്ന് പരസ്പരം ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *