വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ ആരൊക്കെ എന്നതില്‍ ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനമാകും. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ എട്ട് പേര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറേണ്ടതുണ്ടായതിനാല്‍, ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസില്‍ നിന്ന് എം ലിജുവും ചാണ്ടി ഉമ്മനും, ബിന്ദുകൃഷ്ണയും മന്ത്രിമാരാകും. സണ്ണി ജോസഫും കെ മുരളീധരനും പി സി വിഷ്ണുനാഥും എ പി അനില്‍കുമാറും മന്ത്രിസഭയിലുണ്ടാകും.
തനിക്കൊപ്പം നില്‍ക്കുന്നവരെയും മന്ത്രിസഭയില്‍ പരിഗണിക്കണമെന്ന ശക്തമായ നിലപാടിലാണ് രമേശ് ചെന്നിത്തല. അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. അതല്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം വേണമെന്നും, ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍ എന്നിവര്‍ ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി ചര്‍ച്ചകള്‍ നടത്തിയിരുന്നു.