ബെംഗളൂരുവില്‍ വറ്റിയ തടാകക്കരയില്‍ ചിതറിയ നിലയില്‍ തലയോട്ടിയും അസ്ഥികൂടവും സ്ത്രീയുടേതെന്ന് പ്രാഥമിക നിഗമനം

ബെംഗളൂരു: സര്‍ജാപൂരിന് സമീപമുള്ള മുഗളൂര്‍ തടാകക്കരയില്‍ സ്ത്രീയുടേതെന്ന് സംശയിക്കുന്ന അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. തടാകത്തിന് സമീപം കന്നുകാലികളെ മേയ്ക്കാനെത്തിയവരാണ് തലയോട്ടി അടക്കമുള്ള അസ്ഥിഭാഗങ്ങള്‍ ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വറ്റിയ തടാകത്തിനകത്തു നിന്നും പരിസരങ്ങളില്‍ നിന്നുമായി ചിതറിക്കിടക്കുന്ന നിലയില്‍ മറ്റ് എല്ലുകളും കണ്ടെടുത്തു.

തലയോട്ടി, താടിയെല്ല്, കൈകാലുകളിലെ അസ്ഥികള്‍ എന്നിവയാണ് കണ്ടെത്തിയത്. താടിയെല്ല് തലയോട്ടില്‍ നിന്നും വേര്‍പെട്ട നിലയിലായിരുന്നു. മുന്‍നിരയിലെ അഞ്ച് പല്ലുകള്‍ കാണാനില്ല. അസ്ഥികൂടത്തിനൊപ്പം കീറിയ സാരിയുടെ കഷ്ണവും സ്ത്രീകളുടേതുപോലെയുള്ള ചെരുപ്പും പോലീസ് കണ്ടെടുത്തു. കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങള്‍ക്ക് കുറഞ്ഞത് മൂന്ന് മാസത്തെ പഴക്കമുണ്ടാകുമെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 25-നും 35-നും ഇടയില്‍ പ്രായമുള്ള യുവതിയുടേതാണ് അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. മുന്‍പ് തടാകത്തില്‍ മുങ്ങിമരിച്ച ആരുടെയെങ്കിലും മൃതദേഹമാകാം ഇതെന്നാണ് പോലീസ് കരുതുന്നത്. വേനല്‍ക്കാലത്ത് തടാകം വറ്റിയതോടെയാണ് അസ്ഥികള്‍ പുറത്തുകണ്ടത്. ഇവ പിന്നീട് തെരുവുനായ്ക്കള്‍ സമീപപ്രദേശങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *