അമേരിക്കക്കാരുടെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യമായ ട്രംപ് ഓര്‍ഗനൈസേഷന്‍ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണായ ‘ടി1’ വിപണിയിലെത്തിക്കുന്നു. ഫോണ്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ ആഴ്ച തന്നെ ഉപഭോക്താക്കള്‍ക്ക് ഹാന്‍ഡ്‌സെറ്റുകള്‍ വിതരണം ചെയ്തു തുടങ്ങുമെന്ന് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്. പൂര്‍ണ്ണമായും യുഎസില്‍ അസംബിള്‍ ചെയ്ത ടി1 ഫോണിന്റെ ഭാഗങ്ങളെല്ലാം അമേരിക്കയില്‍ തന്നെ നിര്‍മ്മിച്ചതാണെന്നാണ് കമ്പനിയുടെ പ്രധാന അവകാശവാദം. 499 യുഎസ് ഡോളറാണ് ട്രംപ് മൊബൈല്‍ ടി1 ഫോണിന്റെ വിപണി വില.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറും എറിക് ട്രംപും ചേര്‍ന്നാണ് സ്വര്‍ണ്ണ നിറത്തിലുള്ള ആകര്‍ഷകമായ ഡിസൈനോടെ ഈ ഫോണ്‍ പ്രഖ്യാപിച്ചത്. പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ഫോണ്‍ എന്ന പരസ്യത്തോടെ എത്തിയ ടി1 സ്വന്തമാക്കാന്‍ 100 ഡോളര്‍ മുന്‍കൂര്‍ നല്‍കി പതിനായിരക്കണക്കിന് ആളുകളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങേണ്ടിയിരുന്ന ഫോണിന്റെ ലോഞ്ച് അനിശ്ചിതമായി നീണ്ടതോടെ മുന്‍കൂര്‍ തുക നല്‍കിയവര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒടുവിലാണ് ഇപ്പോള്‍ വിതരണം ആരംഭിക്കാന്‍ കമ്പനി തയ്യാറായിരിക്കുന്നത്.