തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസ്സില്‍ നടന്ന പോരാട്ടത്തില്‍ രമേശ് ചെന്നിത്തലയെ ഒറ്റപ്പെടുത്തിയവരും പാരവെച്ചവരും എല്ലാം ഇപ്പോള്‍ ആകെ പരിഭ്രാന്തിയിലാണ്. തന്ത്രപ്രധാനമായ ആഭ്യന്തര വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഹൈക്കമാന്‍ഡ് ഇടപെടലില്‍ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ തയ്യാറായതാണ് കോണ്‍ഗ്രസ്സിലെയും യുഡിഎഫിലെയും ചെന്നിത്തല വിരുദ്ധരെ ആശങ്കയിലാഴ്ത്തുന്നത്.
ഇവരാരും തന്നെ ആഭ്യന്തര വകുപ്പ് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ ചെന്നിത്തലയ്ക്ക് വിട്ടു നല്‍കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്ന് ആദ്യം പറഞ്ഞ് പിന്നീട് കെസി വേണുഗോപാലിനായി നിലപാട് മാറ്റിയ കെ സുധാകരന്‍, ആഭ്യന്തരം രമേശ് ചെന്നിത്തലയ്ക്കാണ് എന്നറിഞ്ഞപ്പോള്‍ ശരവേഗത്തിലാണ് ചെന്നിത്തലയുടെ വീട്ടില്‍ എത്തിയിരുന്നത്. ഇതുപോലെ ചെന്നിത്തലയെ അവഗണിച്ചിരുന്ന മറ്റ് നിരവധി കോണ്‍ഗ്രസ്സ് ഘടക കക്ഷി നേതാക്കളും ഇപ്പോള്‍ ചെന്നിത്തലയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനാണ് ഓടി നടക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തത്തിന്റെ ദേഷ്യം മന്ത്രിസഭ രൂപീകരണത്തില്‍ തീര്‍ത്ത സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വിഭാഗം, കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിനായി ആഭ്യന്തര വകുപ്പ് കൈവശം വയ്ക്കാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും, ആ നീക്കവും പരാജയപ്പെടുകയാണ് ഉണ്ടായത്.
ഇരുപത്തി എട്ടാമത്തെ വയസ്സില്‍ മന്ത്രിയായും, ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ആഭ്യന്തര മന്ത്രിയായും പ്രവര്‍ത്തിച്ച രമേശ് ചെന്നിത്തല, അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന വിഡി സതീശന്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പില്ലാതെ പങ്കാളിയാകരുത് എന്ന് വാശിപിടിച്ചത് ചെന്നിത്തലയുടെ ഒപ്പം നില്‍ക്കുന്ന നേതാക്കളാണ്. എന്നാല്‍, വിഡി സതീശന്‍ മന്ത്രിസഭയിലേക്ക് താന്‍ ഇല്ലെന്നാണ് രമേശ് ചെന്നിത്തല ആദ്യ ഘട്ടത്തില്‍ നിലപാട് കടുപ്പിച്ചിരുന്നത്.
ഇതോടെയാണ് ഡല്‍ഹിയില്‍ നിന്നും ഹൈക്കമാന്‍ഡ് ഇടപെടല്‍ വന്നത്. മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കാന്‍ കഴിയാത്തതില്‍ വിഷമമുള്ള സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വകുപ്പ് വിഭജനത്തില്‍ ചെന്നിത്തലയുടെ താല്‍പര്യമാണ് ആദ്യം പരിഗണിക്കേണ്ടത് എന്ന കര്‍ശന നിര്‍ദ്ദേശമാണ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനും നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും നല്‍കിയിരുന്നത്. ഇതോടെയാണ് വിഡി സതീശനും കെസി വേണുഗോപാലും ചെന്നിത്തലയുടെ വീട്ടിലെത്തി അദ്ദേഹത്തിനാണ് ആഭ്യന്തര വകുപ്പ് എന്ന് അറിയിച്ചിരുന്നത്. ഈ പ്രഖ്യാപനമാണ് യുഡിഎഫിലെ ചെന്നിത്തല വിരുദ്ധരെ ഞെട്ടിച്ചിരിക്കുന്നത്.
പൊലീസ് ഭരണവും വിജിലന്‍സ് ഭരണവും കൈവശമുള്ള മന്ത്രിയെ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ഇനി ഭയക്കേണ്ടതായി വരും. ഇതുവരെ കണ്ട രമേശ് ചെന്നിത്തലയെ അല്ല ഇനി കേരളം കാണാന്‍ പോകുന്നത് എന്നതും വ്യക്തമാണ്.
സംസ്ഥാന പൊലീസില്‍ അടിമുടി അഴിച്ചുപണിയാണ് ഇനി വരാന്‍ പോകുന്നത്. പി ശശിയുടെ അടിമകളെ പോലെ ജോലി ചെയ്ത ഐ.പി.എസ് ഉദ്ദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാന ചലനം ഉറപ്പാണ്. പി ശശിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാന പൊലീസിനെ നിയന്ത്രിച്ചിരുന്ന എഡിജിപി എസ് ശ്രീജിത്ത്, ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ്, തുടങ്ങി സി.പി.എമ്മിനും പൊളിറ്റിക്കല്‍ സെക്രട്ടറിക്കും വേണ്ടപ്പെട്ട മുഴുവന്‍ ഐപിഎസ് ഓഫീസര്‍മാര്‍ക്കും ആദ്യഘട്ടത്തില്‍ തന്നെ സ്ഥാന ചലനം ഉറപ്പാണ്.10 വര്‍ഷം പൊലീസ് തലപ്പത്ത് ഇരുന്ന് സിപിഎം ‘അജണ്ട’ നടപ്പാക്കിയ ഉദ്യോഗസ്ഥരെ, പ്രത്യേകിച്ച് കളങ്കിതരെ മാറ്റണം എന്നത് യുഡിഎഫിന്റെ പ്രഖ്യാപിത നിലപാട് കൂടിയാണ്.
ഇതില്‍ ചിലര്‍ വീണ്ടും പദവികളില്‍ കടിച്ച് തൂങ്ങിയിരിക്കാന്‍ ചില സാമുദായിക നേതാക്കള്‍ വഴിയും അടുപ്പക്കാരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ വഴിയും രമേശ് ചെന്നിത്തലയെയും നിയുക്ത മുഖ്യമന്ത്രിയെയും സ്വാധീനിക്കാനും അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതില്‍ ഒരു ഐപിഎസ് ഉന്നതനു വേണ്ടി പ്രമുഖ വ്യവസായി തന്നെയാണ് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഈ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും തന്നെ നിയുക്ത ആഭ്യന്തരമന്ത്രി വഴങ്ങില്ലന്നാണ് ലഭിക്കുന്ന സൂചന.