ലഖ്നൗ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം വെറും 16.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലഖ്നൗ മറികടക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗുമായി 38 പന്തില്‍ 90 റണ്‍സ് അടിച്ചുകൂട്ടിയ മിച്ചല്‍ മാര്‍ഷാണ് ലഖ്നൗവിന്റെ വിജയ ശില്പി. ജോഷ് ഇംഗ്ലിസ് 32 പന്തില്‍ 36 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കിയപ്പോള്‍, അവസാന ഓവറുകളില്‍ നിക്കോളാസ് പുരാനും തകര്‍ത്തടിച്ചു. ലഖ്നൗവിന് ജയിക്കാന്‍ അവസാന നാലോവറില്‍ 24 റണ്‍സ് വേണ്ടിയിരുന്ന സാഹചര്യത്തില്‍, അന്‍ഷുല്‍ കാംബോജ് എറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ നാല് പന്തുകളും സിക്‌സറിന് പറത്തിയാണ് പുരാന്‍ കളി അവസാനിപ്പിച്ചത്. പുരാന്‍ 32 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് യുവതാരം കാര്‍ത്തിക് ശര്‍മയുടെ അര്‍ധസെഞ്ച്വറി മികവിലാണ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തത്. തകര്‍പ്പന്‍ ഫോമില്‍ ബാറ്റ് ചെയ്ത കാര്‍ത്തിക് ശര്‍മ 71 റണ്‍സോടെ ചെന്നൈയുടെ ടോപ് സ്‌കോററായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെ 16 പന്തില്‍ 32 റണ്‍സുമായും ഡെവാള്‍ഡ് ബ്രെവിസ് 16 പന്തില്‍ 25 റണ്‍സുമായും മികച്ച ഫിനിഷിംഗ് നല്‍കി. എന്നാല്‍ മുന്‍നിരയില്‍ 20 പന്തില്‍ 20 റണ്‍സ് മാത്രം എടുത്ത സഞ്ജു സാംസണും, 9 പന്തില്‍ 13 റണ്‍സെടുത്ത നായകന്‍ രുതുരാജ് ഗെയ്ക്വാദും നിരാശപ്പെടുത്തി.