10,000 ക്രൂയിസ് മിസൈലുകള്‍… 12,000 ഹൈപ്പര്‍സോണിക് ആയുധങ്ങള്‍… ലോകത്തെ ഞെട്ടിച്ച വമ്പന്‍ ആയുധപദ്ധതിയുമായി അമേരിക്ക രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു വലിയ ഭയമാണോ? ലോകത്തെ നിയന്ത്രിച്ചിരുന്ന അമേരിക്കന്‍ സൈനിക ശക്തിക്ക് ഇനി പഴയ മേല്‍ക്കൈ നഷ്ടപ്പെടുന്നുവെന്ന സൂചനകളാണോ ഇത്? വിലകൂടിയ അത്യാധുനിക ആയുധങ്ങള്‍ക്കു പകരം ‘വിലകുറഞ്ഞ’ മിസൈലുകളിലേക്കും ഡ്രോണ്‍ മാതൃകയിലുള്ള യുദ്ധതന്ത്രങ്ങളിലേക്കും അമേരിക്ക പെട്ടെന്ന് മാറാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാണ്?
പതിറ്റാണ്ടുകളായി സ്റ്റേല്‍ത്ത് യുദ്ധവിമാനങ്ങളും ആണവശക്തിയും ബില്യണ്‍ ഡോളര്‍ വിലവരുന്ന മിസൈല്‍ സംവിധാനങ്ങളും ആശ്രയിച്ചായിരുന്നു അമേരിക്കയുടെ ആഗോള സൈനിക ആധിപത്യം. എന്നാല്‍ ഇപ്പോള്‍ അതേ അമേരിക്ക, ചെലവ് കുറഞ്ഞ ആയിരക്കണക്കിന് ക്രൂയിസ് മിസൈലുകളും ഹൈപ്പര്‍സോണിക് ആയുധങ്ങളും വന്‍തോതില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ . യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഡിഫെന്‍സ് പ്രഖ്യാപിച്ച ഈ പുതിയ ബ്രിഹദ് പദ്ധതി ഒരു സാധാരണ ആയുധവികസനമല്ല, ഭാവിയുദ്ധങ്ങളില്‍ അമേരിക്ക നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളികളുടെ സൂചനയായാണ് ഇത് കാണപ്പെടുന്നത്.
ഈ മാറ്റത്തിന് പിന്നില്‍ രണ്ട് പ്രധാന യുദ്ധങ്ങളാണ്. ഒന്ന് റഷ്യ -യുക്രൈന് യുദ്ധവും മറ്റൊന്ന് ഇറാനെ ചുറ്റിപ്പറ്റിയ മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും. യുക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും നല്‍കിയ വന്‍ ആയുധസഹായം അമേരിക്കയുടെ പ്രതിരോധ ശേഖരത്തെ ഗണ്യമായി ബാധിച്ചു. ആയിരക്കണക്കിന് മിസൈലുകളും പീരങ്കി വെടിയുണ്ടകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തുടര്‍ച്ചയായി അയച്ചതോടെ, അമേരിക്കന്‍ സൈനിക ഉല്‍പ്പാദന ശേഷിയുടെ പരിമിതികള്‍ തുറന്നുകാട്ടപ്പെട്ടു. അതേ സമയം, മിഡില്‍ ഈസ്റ്റില്‍ ഇറാനെതിരായ സൈനിക നീക്കങ്ങളും അമേരിക്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. പ്രത്യേകിച്ച് ടോമാഹോക്ക് പോലുള്ള വിലകൂടിയ മിസൈലുകളുടെ വ്യാപക ഉപയോഗം അമേരിക്കയെ പുതിയ ചിന്തയിലേക്ക് നയിച്ചു.
ഇവിടെ അമേരിക്കയ്ക്ക് ഏറ്റവും വലിയ ഞെട്ടല്‍ നല്‍കിയത് ഇറാന്റെയും അതിന്റെ സഖ്യകക്ഷികളുടെയും കുറഞ്ഞ ചെലവിലുള്ള ഡ്രോണ്‍-മിസൈല്‍ യുദ്ധതന്ത്രങ്ങളാണ്. വര്‍ഷങ്ങളായി അമേരിക്ക ബില്യണ്‍ ഡോളറുകള്‍ ചെലവഴിച്ച് വികസിപ്പിച്ച ആയുധങ്ങളെ, വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുന്ന ഡ്രോണുകള്‍ വെല്ലുവിളിക്കാന്‍ തുടങ്ങി. പ്രത്യേകിച്ച് ഇറാന്റെ ഷാഹേദ്-136 ഡ്രോണുകള്‍ ലോക സൈനിക വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റി. വളരെ കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ച ഈ ഡ്രോണുകള്‍ക്ക്, കോടിക്കണക്കിന് ഡോളര്‍ വിലവരുന്ന അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങളെ പോലും ക്ഷീണിപ്പിക്കാന്‍ കഴിയുന്നുവെന്ന് യുദ്ധഭൂമികള്‍ തെളിയിച്ചു.