നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ മൗനം വെടിഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ കക്ഷി നേതാവായും നിയുക്ത മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ അദ്ദേഹം അഭിനന്ദിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി. സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫിന്റെയും പൂര്‍ണ്ണ പിന്തുണയുണ്ടാകും. പത്ത് വര്‍ഷത്തെ ഇടതുഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനാണ് ജനങ്ങള്‍ യുഡിഎഫിന് അധികാരം നല്‍കിയത്. ഈ സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. പുതിയ മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല കൂട്ടിചേര്‍ത്തു.