തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ഘടകം രംഗത്ത്. വി.ഡി. സതീശന്റെ സ്ഥാനാരോഹണം വരും അഞ്ച് വര്‍ഷം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലായിരിക്കും എന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഭൂരിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാരുടെയും പിന്തുണ സതീശന് ഉണ്ടായിരുന്നില്ലെന്നും, പാണക്കാട് ഹൗസില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നുവെന്നും ബി.ജെ.പി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഡല്‍ഹിയിലല്ല, മറിച്ച് പാണക്കാട് ഹൗസിലാണെന്നും ബി.ജെ.പി പരിഹസിച്ചു.
ബി.ജെ.പിക്ക് സമാനമായ ആരോപണവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരും രംഗത്തെത്തി. മുസ്ലീം ലീഗ് ഭരണത്തില്‍ പിടിമുറുക്കുന്നതിന്റെ തെളിവാണ് സതീശന്റെ മുഖ്യമന്ത്രിസ്ഥാനമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഹൈക്കമാന്‍ഡ് കാറ്റില്‍ പറത്തിയെന്നും, അര്‍ഹരായവര്‍ തഴയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, രമേശ് ചെന്നിത്തല നേരിട്ട അവഗണനയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല.
ാേ