ചെയ്യപ്പെടുന്നത് ചൈനയിലെ ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളില്‍ നടന്ന ആ കൂടിക്കാഴ്ചയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും മുഖാമുഖം ഇരിക്കുമ്പോള്‍, അവിടെ ഉയര്‍ന്നുകേട്ടത് വെറും നയതന്ത്ര വര്‍ത്തമാനങ്ങളായിരുന്നില്ല. മറിച്ച്, ലോകത്തെ രണ്ട് വന്‍ശക്തികള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിന്റെ മുന്നറിയിപ്പുകളായിരുന്നു. തായ്വാന്‍ വിഷയത്തില്‍ ചൈനയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഷി ജിന്‍പിംഗ് നല്കിയ കടുത്ത മുന്നറിയിപ്പ്, അമേരിക്കയുടെ മേധാവിത്വ മോഹങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. സ്വയം ഭരണാധികാരമുള്ള ഒരു രാജ്യമെന്ന നിലയില്‍ ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക നടത്തുന്ന കടന്നുകയറ്റം എങ്ങനെ ഒരു ആഗോള യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന ഭീതിയിലാണ് ലോകമിന്ന്.
അമേരിക്കയുടെ വിദേശനയം എക്കാലത്തും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. ഒരു വശത്ത് ‘ഏക ചൈന’ നയത്തെ അംഗീകരിക്കുന്നു എന്ന് പറയുകയും മറുവശത്ത് തായ്വാനെ ചൈനയില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കന്‍ തന്ത്രം ഇപ്പോള്‍ പരസ്യമായിരിക്കുകയാണ്. 2025 ഡിസംബറില്‍ ട്രംപ് ഭരണകൂടം തായ്വാന് 11 ബില്യണ്‍ ഡോളറിന്റെ ആയുധ പാക്കേജ് പ്രഖ്യാപിച്ചതിലൂടെ വലിയൊരു പ്രകോപനത്തിനാണ് അവര്‍ തിരികൊളുത്തിയത്. സമാധാനം പറയുന്നവര്‍ തന്നെ ആയുധങ്ങള്‍ വിറ്റ് സംഘര്‍ഷം കൊഴുപ്പിക്കുന്നു. തായ്വാന്‍ കടലിടുക്കില്‍ തീയും വെള്ളവും പോലെ പൊരുത്തപ്പെടാത്ത ഒന്നാണ് ‘തായ്വാന്‍ സ്വാതന്ത്ര്യവും’ ‘സമാധാനവും’ എന്ന് ഷി ജിന്‍പിംഗ് അര്‍ത്ഥശങ്കയില്ലാതെ വ്യക്തമാക്കിയത് ഇതിനാലാണ്. ചൈനയെ സംബന്ധിച്ചിടത്തോളം തായ്വാന്‍ എന്നത് വിട്ടുവീഴ്ചയില്ലാത്ത പരമാധികാരത്തിന്റെ അടയാളമാണ്. അത് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തങ്ങള്‍ തയ്യാറാണെന്ന് ചൈന വീണ്ടും ആവര്‍ത്തിക്കുന്നു.