നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് രമേശ് ചെന്നിത്തല കത്ത് നല്‍കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഹൈക്കമാന്‍ഡ് തീരുമാനത്തിലുള്ള അതൃപ്തിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് നടക്കുന്ന നിര്‍ണ്ണായകമായ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. പകരം, തന്റെ ഔദ്യോഗിക പിന്തുണ കത്തിലൂടെ അറിയിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തിരുവനന്തപുരത്തെ വസതിയില്‍ നിന്നും പുറപ്പെട്ട ചെന്നിത്തല ഹരിപ്പാട്ടേക്കും തുടര്‍ന്ന് ഗുരുവായൂരിലേക്കും പോകുമെന്നാണ് വിവരം.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ രമേശ് ചെന്നിത്തല തന്റെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കുവേണ്ടി ഇത്രയും കാലം നടത്തിയ പ്രവര്‍ത്തനങ്ങളും തന്റെ സീനിയോറിറ്റിയും നേതൃത്വം പരിഗണിച്ചില്ലെന്ന വികാരം അദ്ദേഹം പ്രകടിപ്പിച്ചതായാണ് സൂചന. പ്രഖ്യാപനത്തിന് പിന്നാലെ വഴുതയ്ക്കാട്ടെ വസതിയില്‍ മാധ്യമങ്ങള്‍ കാത്തുനിന്നെങ്കിലും, അവരെ അഭിമുഖീകരിക്കാതെ അദ്ദേഹം പിന്‍വാതിലിലൂടെ പുറത്തേക്ക് പോകുകയായിരുന്നു.