ഉത്തര്‍പ്രദേശില്‍ ഇടിമിന്നലോട് കൂടിയുണ്ടായ ശക്തമായ മഴയില്‍പ്പെട്ട് 33 പേര്‍ മരിച്ചു. ഭദോഹി, ഫത്തേപൂര്‍, ബുദൗന്‍, ചന്ദൗലി, സോണ്‍ഭദ്ര എന്നീ ജില്ലകളിലാണ് വ്യാപകമായ നാശനഷ്ടങ്ങളും ജീവഹാനിയും റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭദോഹി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുത തൂണുകളും കെട്ടിടങ്ങളും തകര്‍ന്നു വീഴുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ തകരാറിലായതിനാല്‍ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം ആദ്യഘട്ടത്തില്‍ തടസ്സപ്പെട്ടു.
പ്രകൃതിക്ഷോഭത്തില്‍ ഇരയായവര്‍ക്ക് ഉടന്‍ സഹായമെത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും കന്നുകാലികള്‍ക്കും സ്വത്തിനും ഉണ്ടായ നഷ്ടങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ കണക്കെടുപ്പും രക്ഷാപ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്.