തിരുവനന്തപുരത്ത് നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം പോലീസ് കരുതല്‍ തടങ്കലിലാക്കി. കഴക്കൂട്ടം മേനംകുളം ആറാട്ടുവഴി സ്വദേശിയായ ഡൊമിനിക് പീറ്റര്‍ (32) ആണ് പിടിയിലായത്. പ്രതിക്കെതിരെ കഴക്കൂട്ടം, തമ്പാനൂര്‍, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഒന്‍പതോളം ലഹരി കേസുകള്‍ നിലവിലുണ്ട്. നിരവധി കേസുകളില്‍ പ്രതിയായിട്ടും ഇയാള്‍ വീണ്ടും മയക്കുമരുന്ന് വില്‍പ്പന തുടരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് കര്‍ശന നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷത്തേക്കാണ് പ്രതിയെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നത്. ലഹരിമരുന്ന് വില്‍പ്പനയിലും കടത്തിലും സ്ഥിരമായി ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഇത്തരത്തിലുള്ള ശക്തമായ നടപടികള്‍ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.