കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് നിര്‍ണ്ണായകമായ നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം മുദ്രവച്ച കവറില്‍ നിരീക്ഷകര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇത് യോഗത്തില്‍ പ്രഖ്യാപിക്കുമെന്നുമാണ് വിവരം. എഐസിസി പ്രതിനിധി ദീപാ ദാസ് മുന്‍ഷി, നിരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്ക് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കെ.സി. വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയില്‍ തുടരുകയാണ്.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ യുഡിഎഫ് നിയമസഭാ കക്ഷി നേതാക്കള്‍ ഇന്ന് തന്നെ ഗവര്‍ണറെ കണ്ട് പിന്തുണക്കത്ത് കൈമാറും. ഇതിനായി കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍എസ്പി തുടങ്ങിയ ഘടകകക്ഷി നേതാക്കള്‍ തലസ്ഥാനത്തെത്തും. അതേസമയം, വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് മുസ്ലീം ലീഗ് നേതൃത്വം. സതീശനെ അനുകൂലിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ് തീരുമാനം വരുമെന്ന് കഴിഞ്ഞ ദിവസം പാണക്കാട് ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു. പ്രഖ്യാപനത്തിന് ശേഷം പാണക്കാട് സാദിഖലി തങ്ങളുടെ വസതിയില്‍ മുസ്ലീം ലീഗ് വീണ്ടും യോഗം ചേരുന്നുണ്ട്. വി.ഡി. സതീശനെയല്ല മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നതെങ്കില്‍ ലീഗിന്റെ ഈ യോഗം രാഷ്ട്രീയമായി ഏറെ നിര്‍ണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *