സ്‌കൂട്ടര്‍ യാത്രക്കാരിയെ അക്രമിച്ചു വീഴ്ത്തി മാല കവര്‍ന്നു; പ്രതിക്കായി പോലീസ് തിരച്ചില്‍

കറ്റാനം-മാവേലിക്കര റോഡില്‍ ഭരണിക്കാവ് ഇല്ലത്തുമുക്കിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന ചാത്തവന സ്വദേശിനി വസന്തകുമാരിയെ (50) ബൈക്കിലെത്തിയ ഒരു യുവാവ് പിന്നില്‍ നിന്നും അടിച്ചുവീഴ്ത്തുകയും തുടര്‍ന്ന് ഇവരുടെ മൂന്ന് പവന്റെ താലിമാല തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു. മാവേലിക്കരയിലുള്ള കുടുംബവീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വസന്തകുമാരി.

അക്രമിയുടെ ശക്തമായ അടിയേറ്റതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട വസന്തകുമാരി ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയുടെ ആഘാതത്തില്‍ ഇവര്‍ക്ക് തലയ്ക്കും കൈയ്ക്കും പരിക്കേല്‍ക്കുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തു. റോഡില്‍ വീണുകിടന്ന ഇവരെ നാട്ടുകാരാണ് ഉടന്‍ തന്നെ വെട്ടിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വീഴ്ചയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കുറത്തികാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമി ഹെല്‍മെറ്റ് ധരിച്ചാണ് എത്തിയതെങ്കിലും, പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കറ്റാനം ഭാഗത്തുനിന്നും ഇയാള്‍ ബൈക്കില്‍ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *