ജില്ലാ ദുരന്തനിവാരണ അതോറിറ്റി കാലവര്‍ഷത്തിന് മുന്നോടിയായി യോഗം ചേര്‍ന്നു

കാസര്‍ഗോഡ്: ജില്ലയില്‍ കാലവര്‍ഷത്തിന് മുന്നോടിയായി ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ നടന്ന ദുരന്തനിവാരണ അതോറിറ്റി ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണം, റവന്യു ആരോഗ്യം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. നിര്‍മ്മാണത്തിനായി അടച്ചിട്ടുള്ള ചെര്‍ക്കള ബബേവിഞ്ച ദേശീയ പാത 66 തിങ്കളാഴ്ച തുറക്കുമെന്ന് ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ദേശീയ പാത നിര്‍മാണത്തില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായ പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുന്‍വര്‍ഷങ്ങളില്‍ കാലവര്‍ഷത്തില്‍ അപകടമുണ്ടായ മേഖലകളില്‍ കാസര്‍കോട് കാഞ്ഞങ്ങാട് ആര്‍.ഡി.ഒമാര്‍ പരിശോധന നടത്തി നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകളുടെ ഫിറ്റ്നസ് നല്‍കുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല യോഗം ചേരും.

മുന്‍വര്‍ഷങ്ങളില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായ മേഖലകളില്‍ ജാഗ്രത പാലിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കും എല്ലാ തദ്ദേശ സേവന സ്ഥാപനങ്ങളിലും സന്നദ്ധസേനാംഗങ്ങളുടെ സംഘം രൂപീകരിക്കും. അവര്‍ക്ക് പരിശീലനം നല്‍കും അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യും റോഡുകളും തോടുകളും ശുചീകരിക്കുന്നതിനും നടപടി സ്വീകരിക്കും. കഴിഞ്ഞ കാലവര്‍ഷത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ വീരമല കുന്നില്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴില്‍ 32 ദുരന്തനിവാരണ പദ്ധതികള്‍ക്ക് 4160000 രൂപ വകയിരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരികയാണെന്നും എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളുടെ കെട്ടിട ഫിറ്റ്നസ് പരിശോധിക്കാന്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി, മോട്ടോര്‍ വാഹന വകുപ്പ് ഫയര്‍ ആന്‍ഡ് സേഫ്റ്റി വനംതുടങ്ങിയ വകുപ്പുകളുടെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് കൂടി അനിവാര്യമാണ്. ജില്ലയില്‍ തീരദേശത്തും മലയോരത്തും കാലവര്‍ഷത്തില്‍ ദുരന്തസാധ്യതകള്‍ പരിഗണിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ദേശീയപാത നിര്‍മ്മാണ മേഖലയിലും മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണം. തൃക്കണ്ണാട് ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ കടലേറ്റം തടയുന്നതിനുള്ള പ്രവര്‍ത്തികള്‍ ചൊവ്വാഴ്ച ആരംഭിക്കും.

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും. ഫിഷറീസ് വകുപ്പില്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ നിയോഗിക്കുന്നതിനായി കരാര്‍ ക്ഷണിച്ചിട്ടുണ്ട്. ശുചീകരണത്തിനായി എല്ലാ ഓഫീസുകളില്‍ നിന്നും ഇ -വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി യോഗത്തില്‍ അറിയിച്ചു. ഇത്തവണ മണ്‍സൂണ്‍ മേയ് 23 ഓടുകൂടി കേരളത്തില്‍ എത്താന്‍ സാധ്യതയുണ്ട്. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം എ.ഡി.എം കെ.വി ശ്രുതി, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്സണ്‍ മാത്യു, ഡി.വൈ.എസ്.പി സുനില്‍കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ദേശീയപാത അതോറിറ്റി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *