കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി സര്‍ക്കാര്‍ രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
പുതിയ സര്‍ക്കാരിനെ ആര് നയിക്കും എന്നതിനെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരിയുടെ പേരിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കം. പുതിയ എംഎല്‍എമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്തിട്ടുണ്ട്. മെയ് 9-ന് കൊല്‍ക്കത്തയില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
15 വര്‍ഷം നീണ്ട മമത ബാനര്‍ജിയുടെ ഭരണത്തിനാണ് ഇതോടെ അന്ത്യമായത്. ആകെ 207 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് വെറും 80 സീറ്റുകളിലേക്ക് ചുരുങ്ങി. എന്നാല്‍, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും രാജിവെക്കാന്‍ മമത ബാനര്‍ജി ആദ്യം തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിയമസഭ പിരിച്ചുവിട്ടതോടെയാണ് ബിജെപി സര്‍ക്കാരിന് ഔദ്യോഗികമായി വഴിയൊരുങ്ങിയത്.