കൊച്ചിയിലെ പീഡനശ്രമം! മുഖ്യപ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം; നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങളില്‍ പരിശോധന

കൊച്ചി: നഗരമധ്യത്തില്‍ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി സഞ്ജയിക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അരൂര്‍ സ്വദേശിയായ ഇയാള്‍ക്കായി പ്രത്യേക സംഘം രൂപീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കേസില്‍ ഇതിനോടകം രണ്ട് പ്രതികള്‍ പിടിയിലായിട്ടുണ്ട്.

നഗരത്തില്‍ പൂട്ടിക്കിടക്കുന്ന ‘വ്യൂ മൗണ്ട്’ ഹോട്ടലില്‍ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെ അക്രമിസംഘം അടിച്ചുവീഴ്ത്തിയ ശേഷമാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായി യുവതി നഗ്‌നയായി പുറത്തേക്ക് ഓടുകയായിരുന്നു. കൊല്ലം പരവൂര്‍ സ്വദേശി രാഹുല്‍, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പ്രതികളെ പോലീസ് ഓടിച്ചിട്ട് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രധാന പ്രതി ഉടന്‍ വലയിലാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തില്‍ ഉപയോഗശൂന്യമായി കിടക്കുന്നതും പൂട്ടിക്കിടക്കുന്നതുമായ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ ശല്യം തടയാന്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ കമ്മീഷണര്‍ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *