തട്ടുമ്മല്‍: സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കുള്ള കോണ്‍ക്രീറ്റ് റോഡില്‍ അതിക്രമിച്ച് കയറി മണ്ണിമാന്തി യന്ത്രം ഉപയോഗിച്ച് റോഡ് കിളച്ച് നശിപ്പിച്ചതായി പരാതി. അട്ടേങ്ങാനം തട്ടുമ്മലിലെ പുതുപ്പറമ്പില്‍ അരുണ്‍ ചാക്കോയുടെ വീട്ടീലേക്കുള്ള വഴിയാണ് അയല്‍വാസിയായ സജി തോമസ് അനധികൃതമായി നശിപ്പിച്ചത്. ഇതോടെ അരുണ്‍ ചാക്കോയ്ക്കും കുടുംബത്തിനും വീട്ടിലേക്ക് എത്താനുള്ള വഴിയാണ് നഷ്ടമായത്. ഇത് സംബന്ധിച്ച് അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആറു വര്‍ഷം മുന്‍പാണ് അരുണ്‍ ചാക്കോ തട്ടുമ്മലില്‍ സ്ഥലം വാങ്ങി വീടുവെച്ചത്. പറമ്പിലേക്കുള്ള വഴിയും വിലയ്ക്കു വാങ്ങിയതാണ്. കൃത്യമായ രേഖകളുള്ള വഴിയാണ് ആരും വീട്ടിലില്ലാത്ത സമയം നോക്കി സജി പൂര്‍ണമായും നശിപ്പിച്ചത്. വഴി പൂര്‍വസ്ഥിതിയിലാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കൊന്നുകളയുമെന്നാണ് സജി ഭീഷണിപ്പെടുത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അമ്പലത്തറ സി.ഐ.പറഞ്ഞു.
സംസ്ഥാന പാതയ്ക്ക് ഭീഷണിയായി അനധികൃതമായ മണ്ണെടുപ്പ്
സ്വകാര്യ വ്യക്തിയുടെ റോഡ് നശിപ്പിച്ചതിന് പിന്നാലെ മാവുങ്കാല്‍-പാണത്തൂര്‍ സംസ്ഥാന പാതയിലെ തട്ടുമ്മല്‍ ഭാഗത്ത് റോഡിന് ഭീഷണിയായി മണ്ണെടുത്തിട്ടുണ്ട്. അനധികൃതമായി റോഡിലെ മണ്ണെടുത്തത് സംസ്ഥാനപാത ഇടിയാന്‍ കാരണമാകുമെന്ന് കാണിച്ച് അരുണ്‍ ചാക്കോ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എന്‍ജിനിയറിന് പരാതി നല്‍കിയിട്ടുണ്ട്.
