കൊല്ലം- ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ രേഖകളില്ലാത്ത പണവുമായി യുവാവ് പിടിയിലായി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ആനന്ദിനെയാണ് പുനലൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
പുനലൂര്‍ റെയില്‍വേ പോലീസ് എസ്.എച്ച്.ഒ പ്രദീപ് പി.കെ.യുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത പരിശോധനയിലാണ് പണം കണ്ടെത്തിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആനന്ദിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു ലക്ഷം രൂപ വീതമുള്ള 25 കെട്ടുകള്‍ കണ്ടെടുത്തത്. കൃത്യമായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഈ തുക പോലീസ് പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി.