ബെംഗളൂരുവില്‍ മലയാളി യുവാവിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന തൃശൂര്‍ വാടാനപ്പള്ളി സ്വദേശിനി സുനിത (47) അന്തരിച്ചു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെയായിരുന്നു അന്ത്യം. സംഭവത്തില്‍ പ്രതിയായ ഷെല്‍ട്ടര്‍ ഹോം ഉടമ ദീപക് കൃഷ്ണയ്‌ക്കെതിരെ പോലീസ് കേസെടുത്തു.
വാടാനപ്പള്ളിയില്‍ തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിയിരുന്ന സുനിത, പത്രപ്പരസ്യം കണ്ടാണ് ബെംഗളൂരുവില്‍ ദീപക് കൃഷ്ണ നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജോലിക്കെത്തിയത്. ദീപക്കിന്റെ മദ്യപാനവും മോശം പെരുമാറ്റവും കാരണം ജോലി ഉപേക്ഷിച്ചു മടങ്ങാന്‍ സുനിത തീരുമാനിച്ചു. കൂടുതല്‍ പണം വാഗ്ദാനം ചെയ്തിട്ടും സുനിത വഴങ്ങാതിരുന്നതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. മടങ്ങാന്‍ ശ്രമിച്ച സുനിതയെ ദീപക് ക്രൂരമായി മര്‍ദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തതായി എഫ്.ഐ.ആറില്‍ പറയുന്നു. സുനിതയ്ക്കൊപ്പം സഹോദരിയുടെ മകളും മറ്റൊരു തൃശൂര്‍ സ്വദേശിനിയും സംഭവസ്ഥലത്തുണ്ടായിരുന്നു.