പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണന്‍ അട്ടിമറി വിജയത്തിലേക്ക്…!

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരില്‍ സി.പി.എം വിട്ട് യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണന്‍ അട്ടിമറി വിജയത്തിലേക്ക് നീങ്ങുന്നു. 12 റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 4751 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ് അദ്ദേഹം നേടിയിരിക്കുന്നത്. കുഞ്ഞികൃഷ്ണന്‍ സിറ്റിംഗ് എം.എല്‍.എ ടി.ഐ. മധുസൂദനനെയാണ് പിന്നിലാക്കിയത്. യു.ഡി.എഫ് ശക്തികേന്ദ്രമായ ചെറുപുഴ പഞ്ചായത്തിലെ വോട്ടുകള്‍ കൂടി എണ്ണാനിരിക്കെ കുഞ്ഞികൃഷ്ണന്റെ വിജയം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും അഴിമതി ആരോപണങ്ങളും മണ്ഡലത്തില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടിയായെന്നാണ് ഈ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

മറ്റൊരു ശ്രദ്ധേയമായ പോരാട്ടം നടന്ന തൃത്താലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പരാജയം സമ്മതിച്ചു. വോട്ടെണ്ണലിന്റെ ആറാം റൗണ്ട് പിന്നിട്ടപ്പോള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി. ബല്‍റാം മികച്ച ലീഡ് നിലനിര്‍ത്തിയതോടെയാണ് രാജേഷ് തോല്‍വി അംഗീകരിച്ചത്. ”ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണ്, തോല്‍വിയില്‍ തളര്‍ന്ന് വനവാസത്തിന് പോകില്ല, സമരമുഖങ്ങളില്‍ ഇനിയുമുണ്ടാകും” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ തവണ താന്‍ പിടിച്ചെടുത്ത മണ്ഡലം വി.ടി. ബല്‍റാം തിരിച്ചുപിടിക്കുന്നത് എല്‍.ഡി.എഫിന് സംസ്ഥാനാടിസ്ഥാനത്തില്‍ നേരിട്ട വലിയ ആഘാതങ്ങളിലൊന്നായി മാറി. വിജയിച്ച ബല്‍റാമിനെ എം.ബി. രാജേഷ് അഭിനന്ദിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *