തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുവാക്കളെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂര്‍ക്കാവ്, കന്റോണ്‍മെന്റ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന രണ്ട് വ്യത്യസ്ത കവര്‍ച്ചാ കേസുകളിലാണ് പ്രതികള്‍ പിടിയിലായത്. കാഞ്ഞിരംപാറയിലെ ഒരു ഹോട്ടല്‍ പാര്‍ക്കിങ് ഏരിയയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ആക്രമിച്ച് 1.25 ലക്ഷം രൂപ വിലവരുന്ന ഫോണ്‍ കവര്‍ന്ന കേസിലാണ് മൂന്നുപേരെ വട്ടിയൂര്‍ക്കാവ് പോലീസ് പിടികൂടിയത്. പുളിയറക്കോണം സ്വദേശി ആദര്‍ശ് (24), പിടിപി നഗര്‍ സ്വദേശി അഭിലാഷ് (34), വാഴോട്ടുകോണം സ്വദേശി നൗഫല്‍ (25) എന്നിവരാണ് ഈ കേസില്‍ അറസ്റ്റിലായവര്‍. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11:15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഫോണ്‍ തട്ടിയെടുത്ത കേസില്‍ രാജാജി നഗര്‍ സ്വദേശികളായ സൂരജ് (24), വിവേക് (30) എന്നിവരെ കന്റോണ്‍മെന്റ് പോലീസ് പിടികൂടി. പിടിയിലായ സൂരജ് കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയില്‍ ഉള്ളയാളാണ്. അറസ്റ്റിലായ രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.