തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ‘കലപില’ സമ്മര്‍ ക്യാമ്പിന്‍റെ മൂന്നാം പതിപ്പിന് തുടക്കമായി.
കോവളം വെള്ളാറിലെ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന കലപില -2026 ല്‍ അഞ്ച് മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള 120 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. കുട്ടികളില്‍ സര്‍ഗാത്മകത, നവീകരണം, സംരംഭകത്വ മനോഭാവം എന്നിവ വളര്‍ത്തിയെടുക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സംരംഭമാണ് ‘കലപില’. ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഏപ്രില്‍ 26 ന് അവസാനിക്കും.
പ്രശസ്ത കലാകാരന്‍ പരാഗ് പന്തീരാങ്കാവ് രൂപകല്‍പ്പന ചെയ്ത ഭീമാകാരമായ നാടന്‍ സ്ലേറ്റിന്‍റെ ഇന്‍സ്റ്റലേഷന്‍ ക്രാഫ്റ്റ് വില്ലജ് ക്യാമ്പസ്സില്‍ സ്ഥാപിച്ചുകൊണ്ടാണ് ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പിലെത്തിയ കുരുന്നുകള്‍ ഒത്തുകൂടി ഈ സ്ലേറ്റില്‍ ചിത്രങ്ങള്‍ വരച്ചുകൊണ്ട് കലയുടെയും വിനോദത്തിന്‍റെയും ലോകത്തേക്ക് ആദ്യ ചുവടുവെച്ചു. കുട്ടികളുടെ ഭാവനയെയും സ്വതന്ത്രമായ ആവിഷ്കാരങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ലേറ്റ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്.
ക്യാമ്പിന്‍റെ ആദ്യദിവസം പരാഗ് നയിച്ച ജയന്‍റ് പപ്പട്രി, വിപിന്‍ ദാസ് പരപ്പനങ്ങാടി, ജിത്തു കൊടക്കാട് എന്നിവര്‍ നേതൃത്വം നല്‍കിയ തിയേറ്റര്‍ വര്‍ക്ക് ഷോപ്പ് എന്നിവ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
വരുംദിവസങ്ങളില്‍ റോബോട്ടിക്സ് ശില്‍പശാല, പോട്ടറി, കളരിപ്പയറ്റ്, സംഗീതം, ക്രാഫ്റ്റ് വര്‍ക്ക് ഷോപ്പുകള്‍, കമ്മ്യൂണിറ്റി സന്ദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നതെന്ന് ക്രാഫ്റ്റ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടി.യു ശ്രീപ്രസാദ് പറഞ്ഞു.
പരമ്പരാഗത അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കല, കരകൗശലം, വൈദഗ്ദ്ധ്യം, സര്‍ഗാത്മകത, സംരംഭകത്വം എന്നിവ സംയോജിപ്പിച്ച് കുട്ടികളില്‍ വ്യക്തിത്വവും നവീകരണവും പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ‘കലപില’ ക്യാമ്പ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. പ്രശ്നപരിഹാരം (പ്രോബ്ലം സോള്‍വിങ്), സര്‍ഗാത്മകത, സംരംഭക ചിന്ത എന്നിവ പ്രോത്സാഹിപ്പിക്കുന്ന വര്‍ക്ക് ഷോപ്പുകളും സംവേദനാത്മക പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ ഉള്‍പ്പെടും.