പച്ചക്കറികൃഷി വിളവെടുത്തു ;തല്ലാണി തറവാട്ടില്‍ തെയ്യംകെട്ടുത്സവത്തിന് നാളെ തുടക്കം

പാലക്കുന്ന്: ചിറമ്മല്‍ മലാംകുന്ന് തല്ലാണി തറവാട്ടില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് നാളെ (16) തുടക്കമാകും.രാവിലെ 8.30- 9.30 നകം കന്നികലവറ നിറച്ചശേഷം ചിറമ്മല്‍ പ്രാദേശിക സമിതിയില്‍ നിന്നും മറ്റു വിവിധ പ്രദേശങ്ങളില്‍ നിന്നും ഘോഷയാത്രയായും അല്ലാതെയും കോപ്പുകളുമായെത്തി കലവറ സമ്പന്നമാക്കും. 3ന് ചിറമ്മല്‍ പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര കളിയും മറ്റു കലാപരിപാടികളും അരങ്ങേറും.16ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന ഭക്ഷണ വിതരണം 19ന് സന്ധ്യ വരെ തുടരുമെന്നും 18ന് കണ്ടനാര്‍ കേളന്റെ വെള്ളാട്ടം മറക്കളത്തിലെത്തി ബപ്പിടല്‍ വരെ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍ അറിയിച്ചു.17ന് വൈകുന്നേരം 7ന് കൈവീതിന് ശേഷം വയനാട്ടുകുലവന്‍, തറവാട് തെയ്യം കൂടല്‍ നടക്കും. തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, പടിഞ്ഞാറ്റ ചാമുണ്ഡി തെയ്യങ്ങളുടെ തുടങ്ങള്‍. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിന് ശേഷം കുറത്തിയമ്മയുടെ തുടങ്ങല്‍. 18ന് പുലര്‍ച്ചെ 3 ന് പൊട്ടന്‍ തെയ്യം, 5ന് കുറത്തിയമ്മ, 10ന് വിഷ്ണുമൂര്‍ത്തി, തുടര്‍ന്ന് പടിഞ്ഞാറ്റ ചാമുണ്ഡി, 2ന് രാജരാജ ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാടുകള്‍. 4ന് കാര്‍ന്നോന്‍, 6ന് കോരച്ചന്‍ തെയ്യങ്ങളുടെ വെള്ളാട്ടങ്ങള്‍ അരങ്ങിലെത്തും. രാത്രി 9നാണ് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടവും ബിപ്പിടല്‍ ചടങ്ങും. 11ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ തുടങ്ങലും തുടര്‍ന്ന് വയനാട്ടുകുലവന്റെ വെള്ളാട്ടവും. സമാപന ദിവസമായ 19 ന് രാവിലെ 9ന് കാര്‍ന്നോന്‍, 10ന് കോരച്ചന്‍ 11ന് കണ്ടനാര്‍ കേളന്‍ തെയ്യങ്ങളുടെ പുറപ്പാടുകള്‍. വൈകുന്നേരം 3 ന് വയനാട്ടുകുലവന്‍ ദൈവത്തിന്റെ പുറപ്പാടും ചൂട്ടൊപ്പിക്കല്‍ ചടങ്ങും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ പുറപ്പാടും. 10ന് മറപിളര്‍ക്കല്‍ ചടങ്ങും തുടര്‍ന്ന് വിളക്കിലരി, കൈവിതും നടത്തി തെയ്യംകെട്ടിന് സമാപനമാകും.

പച്ചക്കറി വിളവെടുപ്പ്

തെയ്യംകെട്ടിന് വിഷരഹിത ഭക്ഷണമൊരുക്കാന്‍ ചിറമ്മല്‍ പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ മലാംകുന്ന് കൊപ്പല്‍ വയലില്‍ നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം നടന്നു. വെള്ളരി, മത്തന്‍, കുമ്പളം തുടങ്ങിയാണ് കൃഷി ചെയ്തത്. ഉദുമ കൃഷി ഭവന്‍ അസി. കൃഷി ഓഫീസര്‍ ഗോപിനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് പി.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ സി.എച്ച്. നാരായണന്‍, വാര്‍ഡ് അംഗം ജയസന്ധ്യ, ലതാ ഗംഗാധരന്‍, അശോക് കുമാര്‍, നാരായണന്‍ മുല്ലച്ചേരി എന്നിവര്‍ പ്രസംഗിച്ചു. തറവാട്ടംഗങ്ങള്‍ സ്വന്തം നിലയില്‍ മാങ്ങാട്ട് വയലില്‍ കൃഷി ചെയ്തതിന്റെ രണ്ടാംഘട്ട വിളവെടുപ്പും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *