ഗാര്‍ഹിക എല്‍പിജിയുടെ വിതരണം ഉറപ്പാക്കി എച്ച്പിസിഎല്‍

കൊച്ചി: ഏപ്രില്‍ 1 മുതല്‍ 12 വരെയുള്ള കാലയളവില്‍ രാജ്യത്ത് 1.54 കോടി എല്‍പിജി സിലിണ്ടറുകള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തതായി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗ്യാസിന്റെ വിതരണവും ലഭ്യതയും കാര്യക്ഷമമാക്കിയതായും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗ്യാസ് ഏജന്‍സികള്‍ക്കു പുറമെ പെട്രോള്‍ പമ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാദേശിക സ്റ്റോറുകള്‍ എന്നിവയിലൂടെ വിതരണം ചെയ്യുന്ന ഫ്രീ ട്രേഡ് എല്‍പിജി സിലിണ്ടറുകളുടെ വിതരണവും കാര്യക്ഷമമാക്കി. ഇക്കാലയളവില്‍ 5 കിലോയുടെ 3.32 ലക്ഷം സിലിണ്ടറുകളും 2 കിലോയുടെ 21000 സിലിണ്ടറുകളുമാണ് വിതരണം ചെയ്തത്.വിതരണ രംഗത്തെ സുതാര്യത ഉറപ്പാക്കാന്‍ മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കാലയളവില്‍ 4,897 പരിശോധനകള്‍ നടത്തി. എണ്ണക്കമ്പനികളുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായും സഹകരിച്ച് നടത്തിയ പരിശോധനകളില്‍ നിയമലംഘനം കണ്ടെത്തിയ 110 വിതരണക്കാര്‍ക്കെതിരെ നടപടിയെടുത്തു. 30 ഏജന്‍സികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. 660 റെയ്ഡുകളില്‍ നിന്നായി 41 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3,674 സിലിണ്ടറുകള്‍ കണ്ടുകെട്ടുകയും ചെയ്തു. വിതരണത്തിലെ ക്രമക്കേടുകള്‍, വിപണിയിലെ കരിഞ്ചന്ത എന്നിവ തടയുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് എച്ച്പിസിഎല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *