തളിപ്പറമ്പ് രാജരാജേശ്വര സന്നിധിയില്‍ അനന്ത് അംബാനി; ക്ഷേത്ര നവീകരണത്തിനായി 15 കോടി രൂപയുടെ സമര്‍പ്പണം

കഴിഞ്ഞ രണ്ടാം തീയതി ക്ഷേത്രദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം 3 കോടി രൂപയുടെ ചെക്ക് നേരിട്ട് കൈമാറിയിരുന്നു

തളിപ്പറമ്പ്: ഉത്തരകേരളത്തിലെ അതിപുരാതനവും ഐതിഹ്യപ്പെരുമയാല്‍ പ്രസിദ്ധവുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് അംബാനി 15 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടാം തീയതി ക്ഷേത്രദര്‍ശനം നടത്തിയ വേളയില്‍ അദ്ദേഹം 3 കോടി രൂപയുടെ ചെക്ക് നേരിട്ട് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ക്ഷേത്ര ഗോപുരത്തിന്റെ പുനരുദ്ധാരണത്തിനായി 12 കോടി രൂപ കൂടി നല്‍കാനുള്ള ചരിത്രപരമായ തീരുമാനം അദ്ദേഹം അറിയിച്ചത്.മുംബൈയില്‍ തിരിച്ചെത്തിയ ശേഷം ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെട്ട അനന്ത് അംബാനി, ടിടികെ ദേവസ്വം അധികൃതര്‍ സമര്‍പ്പിച്ച 12 കോടി രൂപയുടെ വികസന പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കേരളത്തിലെ ഒരു ക്ഷേത്രത്തിന് അദ്ദേഹം നല്‍കുന്ന ആകെ ധനസഹായം 15 കോടി രൂപയായി ഉയര്‍ന്നു.ത്രേതായുഗത്തോളം പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന രാജരാജേശ്വര ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കായി ദേവപ്രശ്‌നം നടത്തുന്നതും പരിഹാരങ്ങള്‍ തേടുന്നതും ഇവിടെയെത്തിയാണ് എന്ന പ്രത്യേകതയുമുണ്ട്. ശ്രീരാമചന്ദ്രന്‍ ലങ്കാദഹനത്തിന് ശേഷം അയോധ്യയിലേക്കുള്ള മടക്കയാത്രയില്‍ ഈ ക്ഷേത്രത്തിന്റെ ചൈതന്യം കണ്ട് ഇവിടെ ഇറങ്ങി നമസ്‌കരിച്ചതായും ഐതിഹ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. രാജരാജേശ്വര സങ്കല്‍പ്പത്തിലുള്ള പരമശിവന് സമര്‍പ്പിക്കുന്ന ‘പൊന്നുംകുടം’ വഴിപാട് വിശ്വാസികള്‍ക്കിടയില്‍ അത്യന്തം വിശിഷ്ടമായി കരുതപ്പെടുന്നു.അനന്ത് അംബാനിയെപ്പോലുള്ള പ്രമുഖരെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഇവിടുത്തെ പുതിയ വെങ്കല ശിവശില്‍പവും വലിയ പങ്കുവഹിച്ചിട്ടുണ്ട്. പയ്യന്നൂര്‍ സ്വദേശിയായ ഉണ്ണി കാനായി നാല് വര്‍ഷമെടുത്ത് നിര്‍മ്മിച്ച 14 അടി ഉയരമുള്ള ഈ വെങ്കല പ്രതിമ രാജ്യത്തെ തന്നെ ഏറ്റവും വലിയ വെങ്കല ശിവരൂപങ്ങളില്‍ ഒന്നാണ്. 4200 കിലോ ഭാരമുള്ള ഈ ശില്‍പം ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിലുള്ള സൗമ്യഭാവത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആര്‍. വി. ആര്‍ലേക്കറാണ് ഈ പ്രതിമ നാടിനായി സമര്‍പ്പിച്ചത്.രാജാക്കന്മാരുടെ രാജാവായി വാഴുന്ന രാജരാജേശ്വരന്റെ സന്നിധി പണ്ടുകാലം മുതല്‍ക്കേ ഭരണാധികാരികളുടെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത 2001-ല്‍ നടത്തിയ സന്ദര്‍ശനത്തോടെയാണ് ഈ ക്ഷേത്രത്തിന്റെ കീര്‍ത്തി ദക്ഷിണേന്ത്യയിലാകെ വ്യാപിച്ചത്. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പ, കേന്ദ്രമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കളും പലതവണ ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ട്.ക്ഷേത്രത്തിന്റെ പൈതൃകവും ആത്മീയ ചൈതന്യവും നിലനിര്‍ത്തിക്കൊണ്ട് ഗോപുരവും മറ്റു അനുബന്ധ സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കാനാണ് അനന്ത് അംബാനിയുടെ സഹായത്തിലൂടെ ലക്ഷ്യമിടുന്നത്. വടക്കേ മലബാറിന്റെ ആത്മീയ ഭൂപടത്തില്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന് ഈ സഹായം വലിയൊരു നാഴികക്കല്ലായി മാറും.

Leave a Reply

Your email address will not be published. Required fields are marked *