മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്
നാലുദിവസത്തെ തിരച്ചിലിനൊടുവില്‍ നോവായി ശ്രീനന്ദ; മൃതദേഹം 1500 അടി താഴ്ചയില്‍ കണ്ടെത്തി
ചിക്കമഗളൂരു: കര്‍ണാടകയിലെ ചിക്കമഗളൂരു ബാബാ ബുധന്‍ ഗിരിയില്‍ കാണാതായ മലയാളി പെണ്‍കുട്ടി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. നാലുദിവസമായി തുടരുന്ന ഊര്‍ജിതമായ തിരച്ചിലിനൊടുവില്‍ 1500 അടി താഴ്ചയിലുള്ള കൊക്കയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മാണിക്യധാര വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാകുന്നത്. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്നുള്ള 40 അംഗ വിനോദയാത്രാ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവില്‍ എത്തിയത്. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ തിരച്ചില്‍ ഊര്‍ജിതമല്ലെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു.പോലീസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് പിന്നീട് തിരച്ചിലിന് നേതൃത്വം നല്‍കിയത്.